സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തേയ്ക്ക്; പിന്നാലെ ശിവശങ്കര്‍ ദീര്‍ഘ അവധിയിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ ദീര്‍ഘനാളത്തെ അവധിയിലേയ്ക്ക്.ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അവധി അനുവദിക്കമെന്നാണ് ശിവശങ്കറിന്റെ ആവശ്യം.

യു.എ.ഇ. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് വിവാദങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍നിന്ന് ശിവശങ്കറിനെ മാറ്റിനിര്‍ത്തിയിരുന്നു. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം.ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രി ഓഫിസ് കൂടുതല്‍ പ്രതിക്കൂട്ടില്‍ ആകും. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റി നിര്‍ത്തിയത്.

Top