ഒരു വക്കീല്‍ നോട്ടീസും കണ്ട് ഭയക്കില്ല, പറഞ്ഞ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നു; ഷോയ്ബ് അക്തര്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും അവരുടെ നിയമോപദേഷ്ടാവ് ടഫാസുല്‍ റിസ്വിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഷോയ്ബ് അക്തര്‍.4.6 കോടി രൂപയുടെ കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അക്തര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ടഫാസുല്‍ റിസ്വി അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചുവെന്നും അതില്‍ നിറയെ പച്ചക്കള്ളങ്ങളും പടച്ചുവിട്ട നുണകളുമാണെന്നും അക്തര്‍ പറഞ്ഞു. അഭിഭാഷകനായ സല്‍മാന്‍ ഖാന്‍ നിയാസിയുമായി ബന്ധപ്പെട്ട് നോട്ടീസിന് ഉചിതമായ മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ ടഫാസുല്‍ റിസ്വിയുടെ ഒട്ടും തൃപ്തികരമല്ലാത്ത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ എല്ലാ പരാമര്‍ശങ്ങളിലും ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.

അക്തറിന്റെ പരാമര്‍ശങ്ങളില്‍ ബാര്‍ കൗണ്‍സിലും പ്രതിഷേധം ഉന്നയിച്ചിരുന്നു. എന്നാല്‍ എക്കാലവും താന്‍ അഭിഭാഷക സമൂഹത്തെ ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളതെന്നും എങ്കിലും റിസ്വിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അക്തര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പാക്ക് താരം ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്നു വര്‍ഷത്തേക്ക് വിലക്കിയ സംഭവത്തില്‍ അക്തര്‍ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ ചുവട് പിടിച്ചാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമോപദേഷ്ടാവ് ടഫാസുല്‍ റിസ്വി അക്തറിന് വക്കീല്‍ നോട്ടിസ് അയച്ചത്.

പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയുന്നതിനൊപ്പം 100 മില്യന്‍ പാക്കിസ്ഥാന്‍ രൂപ (ഏതാണ്ട് 4.64 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരവും റിസ്വി ആവശ്യപ്പെട്ടിരിക്കുന്നത്.

അക്തറിനെതിരെ മാനനഷ്ടത്തിനു പുറമെ ക്രിമിനല്‍ കുറ്റത്തിനും നടപടിക്കായി നീക്കം ആരംഭിച്ച വിവരം റിസ്വി തന്നെയാണ് പരസ്യമാക്കിയത്. പാക്കിസ്ഥാനിലെ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമപ്രകാരം ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് റിസ്വി അറിയിച്ചു.

അക്തര്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും നേരിട്ട അച്ചടക്ക നടപടികളുമെല്ലാം വക്കീല്‍ നോട്ടിസില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഉമര്‍ അക്മല്‍ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കഴിവുകേടുകൊണ്ടാണ് രാജ്യത്ത് ഒത്തുകളി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് അക്തര്‍ ആരോപിച്ചിരുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമ വിഭാഗത്തെയും അക്തര്‍ കുറ്റപ്പെടുത്തിയിരുന്നു. പാക്ക് ബോര്‍ഡിന്റെ നിയമോപദേഷ്ടാവായ റിസ്വി വ്യക്തിപരമായ അജണ്ടകള്‍വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അക്തറിന്റെ ആരോപണം.

Top