ഇന്ന് ലോകവനിതാ ദിനം, മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകളുടെ കൈകളിലേക്ക്

തിരുവനന്തപുരം: ലോകവനിതാ ദിനമായി ആചരിക്കുന്ന ഇന്ന് പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യും. പ്രവൃത്തികളിലൂടെ എല്ലാവരേയുംസ്വാധീനിക്കാന്‍ കഴിഞ്ഞ സ്ത്രീകള്‍ക്ക് വനിതാ ദിനത്തില്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ഇതിനായി ഷി ഇന്‍സ്പയേഴ്‌സ് അസ് എന്ന ഹാഷ് ടാഗില്‍ മാതൃകയായ സ്ത്രീകളെ കുറിച്ച് പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നൂറ് കണക്കിന് സ്ത്രീകളെ പരിചയപ്പെടുത്തുകയും ചെയ്തു.

ഇത്തരത്തില്‍ ട്വീറ്റിലൂടെ പരിചയപ്പെടുത്തിയ ലിസി പ്രിയ കംഗുജം എന്ന പെണ്‍കുട്ടി പ്രധാനമന്ത്രിയുടെ അംഗീകാരം നിരസിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയാണ് ലിസിപ്രിയ കംഗുജം.

അതേ സമയം അവകാശ സംരക്ഷണ സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി നടത്തത്തില്‍ പ്രമുഖര്‍ പങ്കെടുത്തു.

മന്ത്രി കെ.കെ.ശൈലജയും വനിതാ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും രാത്രി നടത്തത്തിന്റെ ഭാഗമായി. സ്ത്രീകളുടെ അവകാശ സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുഎന്‍ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു വനിതാ ദിനത്തിന്റെ തലേന്ന് സംസ്ഥാനത്ത് രാത്രി നടത്തം സംഘടിപ്പിച്ചത്.

Top