ഐ.എസ്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്

ന്യൂഡല്‍ഹി: ഐ.എസ്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. കര്‍ണാടക, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ എന്‍.ഐ.എ. പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ 40 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. നടത്തിയ പരിശോധനയില്‍ 15 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ ഐ.എസ്. മൊഡ്യൂളിന്റെ നേതാവാണെന്നും പുതുതായി റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുന്നയാളാണെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും ചില രേഖകളും ആയുധശേഖരവും എന്‍.ഐ.എ. കണ്ടെടുത്തിട്ടുണ്ട്.

ഭീകരസംഘടനയായ ഐ.എസിന്റെ ശൃംഖലയില്‍പ്പെട്ട കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ. പരിശോധന നടക്കുന്നതെന്നാണ് സൂചന. കര്‍ണാടകയിലെ 11 കേന്ദ്രങ്ങളിലും ഝാര്‍ഖണ്ഡിലെ നാലുകേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ മൂന്നിടത്തും ഡല്‍ഹിയില്‍ ഒരിടത്തും തിങ്കളാഴ്ച രാവിലെമുതല്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം, റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Top