ഐഫോണ്‍ 11 മോഡലുകളുടെ പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു

ന്യുഡല്‍ഹി: ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകളുടെ പ്രീ ബുക്കിങ് ഇന്ത്യയില്‍ തുടങ്ങി. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നീ മോഡലുകളുടെ പ്രീ ബുക്കിങാണ് ആരംഭിച്ചിരിക്കുന്നത്. ഐഫോണ്‍ 11ന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 11 പ്രോയ്ക്ക് 99,900 രൂപയും ഐഫോണ്‍ 11 പ്രോ മാക്സിനു 109,900 രൂപയുമാണ് വിപണി വില. ഐഫോണ്‍ 11 പ്രോ മാക്സ് 512 ജിബി മോഡിന് 1,44,900 രൂപയാണ് ഇന്ത്യയിലെ വില.

ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്‌സ് എന്നിവയുടെ പിന്‍ഗാമികളാണ് ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് ഫോണുകള്‍.

ഐഫോണ്‍ 11 നേക്കാള്‍ ചെറിയ സ്‌ക്രീന്‍ ആണ് ഐഫോണ്‍ 11 പ്രോയ്ക്ക് . 2436×1125 പിക്‌സല്‍ റസലൂഷനുള്ള 5.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. അതേസമയം 2688×1242 പിക്‌സല്‍ റസലൂഷനുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 11 പ്രോ മാക്‌സിന്.

ട്രിപ്പിള്‍ ലെന്‍സ് ക്യാമറയാണ് പുതിയ ഐഫോണ്‍ 11 പ്രോയിലും 11 പ്രോ മാക്‌സിലും സജ്ജീകരിച്ചിട്ടുള്ളത്. ആദ്യമായാണ് ഇത്തരം ക്യാമറകള്‍ ഐഫോണുകളിലെത്തുന്നത്.

ആപ്പിളിന്റെ ഏറ്റവും പുതിയ എ13 ബയോണിക് ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 18 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ടാവും. ചാര്‍ജറും ഫോണിനൊപ്പം ലഭിക്കും. മിഡ്‌നൈറ്റ് ഗ്രീന്‍, പ്ലസ് സ്‌പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഫോണുകള്‍ വിപണിയിലെത്തും. അതേസമയം, പുതിയ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍ മോഡലുകള്‍ക്കും കമ്പനി വിലകുറച്ചിട്ടുണ്ട്.

Top