‘അടുത്ത സൗഹൃമില്ല, എന്നാൽ നല്ല ബന്ധമുണ്ട്’, മെസിയെ കുറിച്ച് വാചാലനായി റൊണാള്‍ഡോ

ദോഹ: ഫുട്ബോൾ ലോകത്തെ പകരംവെക്കാനില്ലാത്ത താരങ്ങളാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും. ഇരുവരുടെയും അവസാന വേൾഡ് കപ്പായിരിക്കും നടക്കാൻ പോകുന്നത് എന്നാണ് കരുതപ്പെടുന്നത്. ഒന്നര ദശാബ്ദത്തോളം ഒരേ കാലഘട്ടത്തിൽ ആണ് ഇരുവരുടെയും കരിയർ എങ്കിലും ഒരിക്കൽ പോലും ഇരുവരും ഒരു ടീമില്‍ കളിച്ചിട്ടില്ല. ഖത്തറില്‍ ഫുട്ബോള്‍ മാമാങ്കത്തിന് കിക്കോഫ് ആവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ അര്‍ജന്റീനിയന്‍ നായകന്‍ കൂടിയായ മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുറക്കുകയാണ് പോര്‍ച്ചുഗല്‍ നായകനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.

അടുത്ത സൗഹൃമില്ലെങ്കിലും ലിയോണല്‍ മെസിയുമായി അടുത്ത ബന്ധമുണ്ടെന്ന് റൊണാള്‍ഡോ പറഞ്ഞു. പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് റൊണാള്‍ഡോ വിശദീകരിച്ചത്. മെസി അസാമാന്യ മികവുള്ള കളിക്കാരനാണ്. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. കളിക്കളത്തിന് പുറത്ത് ഞങ്ങള്‍ ആത്മസുഹൃത്തുക്കളൊന്നുമല്ല. എങ്കിലും പൊതുവേദികളില്‍ മെസി എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്. ഫുട്ബോളിനുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്ത കളിക്കാരനാണ് അദ്ദേഹം.

മെസിയൊരു മാജിക്കാണ്. 16 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു, 16 വര്‍ഷങ്ങള്‍, അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഞാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തൊന്നുമല്ല. കാരണം സുഹൃത്തെന്നൊക്കെ പറയുമ്പോള്‍ നമ്മുടെ വീട്ടില്‍ വരികയും ഇടക്കിടെ ഫോണില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുമല്ലോ. ഞങ്ങള്‍ അങ്ങനെയല്ല. അദ്ദേഹം എന്‍റെയൊരു സഹാതരത്തെ പോലെയാണ്. അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആദരവ് തോന്നാറുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയും അര്‍ജന്‍റീനക്കാരിയായ എന്‍റെ ഭാര്യയും ആദരവോടെയെ സംസാരിക്കാറുള്ളു. പിന്നെ എന്താണ് ഞാന്‍ മെസിയെക്കുറിച്ച് പറയുക., ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ നല്ല മനുഷ്യന്‍-റൊണാള്‍ഡോ പറഞ്ഞു.

ഒന്നര പതിറ്റാണ്ടുകാലം ലോക ഫുട്ബോള്‍ അടക്കിവാഴുന്ന മെസിയും റൊണാള്‍ഡോയും ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടിയ താരങ്ങളാണ്. മെസി ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ റൊണാള്‍ഡോ അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി.

Top