ഐ ലീഗ്; ഗോകുലം കേരള എഫ്.സി ഇന്ന് പോരാട്ടത്തിന് ഇറങ്ങും

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളിലെ കിരീട പോരാട്ടത്തിന് ഗോകുലം കേരള എഫ്.സി. തയ്യാര്‍. അവസാന റൗണ്ടില്‍ ശനിയാഴ്ച മണിപ്പുര്‍ ക്ലബ്ബ് ട്രാവു എഫ്.സി.യെ തോല്‍പ്പിച്ചാല്‍ ചരിത്രത്തിലാദ്യമായി കിരീടം കേരളത്തിലെത്തും. വൈകീട്ട് അഞ്ചു മണിക്കാണ് മത്സരം. ഇതേസമയം ചര്‍ച്ചില്‍ ബ്രദേഴ്‌സും പഞ്ചാബ് എഫ്.സി.യും കളിക്കും.

ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്ക് 26 പോയന്റാണുള്ളത്. പരസ്പരം കളിച്ചതിലെ ഫലം ഗോകുലത്തിന് മുന്‍തൂക്കം നല്‍കുന്നു. ട്രാവുവിനെ തോല്‍പ്പിച്ചാല്‍ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം. മത്സരം സമനിലയായാല്‍ ചര്‍ച്ചില്‍-പഞ്ചാബ് മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും.

ചര്‍ച്ചില്‍ ജയിക്കാതിരുന്നാലും ഗോകുലത്തിന് കപ്പുയര്‍ത്താം. ഗോകുലത്തെ തോല്‍പ്പിച്ചാല്‍ ട്രാവുവിനും പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ ചര്‍ച്ചിലും കിരീടസാധ്യതയുള്ളതിനാല്‍ അവസാന റൗണ്ടിലെ രണ്ടു മത്സരങ്ങള്‍ക്കും ഫൈനലിന്റെ പരിവേഷം കൈവന്നിട്ടുണ്ട്.

മധ്യനിര താരം മായകണ്ണന്‍ സസ്‌പെന്‍ഷനിലായതിനാല്‍ കളിക്കാനാകാത്തത് ഗോകുലത്തിന് തിരിച്ചടിയാകും. താജിക്കിസ്താന്‍ മുന്നേറ്റനിര താരം കോംറോണ്‍ തുര്‍സനോവിന്റെ അഭാവം ട്രാവുവിന് തലവേദനയാകും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി തുര്‍സനോവ് നാട്ടിലേക്ക് മടങ്ങി. മുന്നേറ്റനിരയിലെ ഡെന്നീസ് ആന്റ് വിയുടെ മികച്ച ഫോമിലാണ് ഗോകുലം പ്രതീക്ഷ വെക്കുന്നത്.

 

Top