ഐ ലീഗില്‍ വീണ്ടും തോല്‍വി രുചിച്ച് ഗോകുലം കേരള എഫ്.സി

ഗുവാഹട്ടി: ഐ ലീഗിലെ പത്താം മത്സരത്തില്‍ ഐസ്വാള്‍ എഫ്.സി.യോട് പരാജയം ഏറ്റുവാങ്ങി ഗോകുലം കേരള എഫ്.സി. രണ്ടിനെതിരേ മൂന്ന് ഗോളിനാണ് ഗോകുലം തോറ്റത്. ലീഗില്‍ മോശം ഫോമില്‍ കളിച്ചിരുന്ന ഐസ്വാളിന്റെ രണ്ടാം ജയമാണിത്. ലീഗിലെ ഗോകുലത്തിന്റെ നാലാം തോല്‍വിയാണിത്.

ഒന്നാം പകുതിയിലെ മെല്ലേപ്പോക്കിനു ശേഷം രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 30 എന്ന സ്‌കോറില്‍ പിന്നിട്ടുനിന്ന ഗോകുലം ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ നേടി തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്പത്തിയൊന്നാം മിനിറ്റില്‍ അന്‍സുമന്‍ ക്രോമയുടെ ഗോളിലാണ് ഐസ്വാള്‍ ആദ്യം ലീഡ് നേടിയത്. അറുപത്തിമൂന്നാം മിനിറ്റില്‍ ലാല്‍ഖാവ്പ്യുമാവിയ ലീഡുയര്‍ത്തി. എഴുപതാം മിനിറ്റില്‍ റോചാര്‍സെല മൂന്നാം ഗോള്‍ വലയിലാക്കി.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റില്‍ ജോയല്‍ സണ്ടെ ഗോകുലത്തിനുവേണ്ടി ഒരു ഗോള്‍ മടക്കി. ഒരു മിനിറ്റിനുശേഷം സണ്ടെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും വൈകാതെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സമനില എന്ന ലക്ഷ്യവും നഷ്ടപ്പെടുകയായിരുന്നു.

ലീഗില്‍ ഗോകുലത്തിന്റെ നാലാം തോല്‍വിയാണിത്. പത്ത് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം എട്ടമതാണ്. പത്ത് കളികളില്‍ നിന്ന് രണ്ട് ജയം മാത്രം സ്വന്തമായ ഐസ്വാള്‍ ഒന്‍പത് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

Top