ഐപിഎല്‍ പാര്‍ട്ടിയില്‍ താരങ്ങളുടെ ഭാര്യമാര്‍ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍

ബോളിവുഡ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിറകെ ഐപിഎല്ലിലും മയക്കുമരുന്ന് ഉപയോഗം ധാരാളമുണ്ടെന്ന ആരോപണവുമായി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടതായാണ് ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തല്‍.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷം നടന്ന ആഘോഷ പാര്‍ട്ടിക്കിടെയാണ് ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഭാര്യമാര്‍ വാഷ്റൂമില്‍ കയറി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടതായി ഷെര്‍ലിന്‍ പറയുന്നത്. എന്നാല്‍ ഐപിഎല്ലിന്‌റെ ഏത് സീസണിലാണ് ഈ സംഭവമെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.വാര്‍ത്താ ചാനലിലായ എബിപിയോട് സംസാരിക്കവെയാണ് ഗുരുതരമായ ആരോപണം ഷെര്‍ലിന്‍ ചോപ്ര ഉയര്‍ത്തിയത്. എന്‍സിബിയില്‍ നിന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ എല്ലാ രഹസ്യങ്ങളും വെളിപ്പെടുമെന്നും അവര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഷെര്‍ലിന്‌റെ വാക്കുകള്‍ ഇങ്ങനെ: ”കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരത്തിന് ശേഷം അവരുടെ പാര്‍ട്ടിക്കും എന്നെ ക്ഷണിച്ചു. ഈ പാര്‍ട്ടിയില്‍ പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടേയും ഭാര്യമാരും പങ്കെടുത്തിരുന്നു. പാര്‍ട്ടി നന്നായി ആസ്വദിച്ചു. നൃത്തം ചെയ്തതിന്റെ ക്ഷീണം കാരണം വാഷ് റൂമില്‍ പോയി. ഞെട്ടിക്കുന്ന കാഴ്ചയാണു ഞാന്‍ അവിടെ കണ്ടത്. താരങ്ങളുടെ ഭാര്യമാര്‍ വാഷ്‌റൂം ഏരിയയില്‍നിന്ന് കൊക്കെയ്ന്‍ ഉപയോഗിക്കുകയായിരുന്നു. അവര്‍ എന്നെ നോക്കി ചിരിച്ചു, ഞാന്‍ തിരിച്ചും ചിരിച്ചു. രംഗം പന്തിയല്ലെന്ന് മനസ്സിലായ ഉടനെ ഞാന്‍ പുറത്തേക്കു പോയി. ഇത്തരം ലഹരിമരുന്നു പാര്‍ട്ടികള്‍ തുടര്‍ച്ചയായി നടക്കാറുണ്ട്. പുരുഷന്‍മാരുടെ വാഷ്‌റൂമില്‍ പോയാലും ഇതൊക്കെ തന്നെയാണു നടക്കുന്നതെന്ന് ഉറപ്പാണ്.” ഷെര്‍ലിന്‍ അവകാശപ്പെട്ടു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാലോകത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് ഷെര്‍ലിന്‌റെ വെളിപ്പെടുത്തല്‍. കേസില്‍ നടി റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ തുടങ്ങി 16 പേരെയാണ് എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്തത്.  താരങ്ങളായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരെ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ (എന്‍സിബി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

Top