തനിക്ക് പരിക്കില്ല, ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയത് മനപ്പൂര്‍വ്വം; മൊഹമ്മദ് ഷഹ്‌സാദ്

ഴിഞ്ഞ ദിവസം പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ ടീമില്‍ നിന്ന് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൊഹമ്മദ് ഷഹ്‌സാദ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തനിക്ക് പരിക്കില്ലെന്നും, ലോകകപ്പ് ടീമില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ മനപൂര്‍വ്വം പുറത്താക്കിയതാണെന്നുമാണ് ഷഹ്‌സാദിന്റെ വെളിപ്പെടുത്തല്‍ .

ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ മൊഹമ്മദ് ഷഹ്‌സാദിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് കഴിഞ്ഞ ദിവസമായിരുന്നു അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ആസൂത്രിതമായ നീക്കമാണെന്നാണ് ഷഹ്‌സാദിന്റെ ആരോപണം. തനിക്ക് പരിക്കുകളൊന്നുമില്ലെന്നും, പകരക്കാരനായി താരത്തെപ്പോലും കണ്ടെത്തിയതിന് ശേഷമായിരുന്നു അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നീക്കം നടത്തിയത് എന്നുമാണ് അദ്ദേഹം പറഞ്ഞത്‌.

‘സന്നാഹ മത്സരത്തില്‍ തനിക്ക് പരിക്കേറ്റെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ താന്‍ എങ്ങനെ കളിക്കാനിറങ്ങും. ടീമില്‍ നിന്ന് ഒഴിവാക്കിയ കാര്യം ഞാന്‍ പരിശീലകന്‍ ഫില്‍സിമ്മണ്‍സിനോട് ചോദിച്ചു. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും, ടീം മാനേജരും ക്യാപ്റ്റനും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.’ ഷഹ്‌സാദ് പറഞ്ഞു.

ഷഹ്സാദിന് പകരക്കാരനായി ഇടം കൈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇക്രം അലി ഖിലിനെ അഫ്ഗാന്‍ ടീമിലെത്തിയത്. അയര്‍ലന്‍ഡിനെതിരെ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഖില്‍.

Top