മഹാരാഷ്ട്ര വികാസ് അഘഡി; 5 വര്‍ഷം തികച്ച് ഭരിക്കുമെന്ന് പവാര്‍; കോണ്‍ഗ്രസിന് സംശയം!

ഹാരാഷ്ട്രയില്‍ ത്രികക്ഷി ഭരണം നിര്‍വ്വഹിക്കുന്ന സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നാണ് എന്‍സിപി മേധാവി ശരത് പവാറിന്റെ അഭിപ്രായം. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ശിവസേനയുടെ പല നിലപാടുകളോടും എതിര്‍പ്പ് രേഖപ്പെടുത്തുമ്പോഴാണ് പവാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ പൗരത്വ നിയമം, ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളില്‍ സേനയുടെ നിലപാടുകള്‍ കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുകയാണ്.

എന്നാല്‍ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുമെന്ന നിലപാടിലാണ് ശരത് പവാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്യുന്നു. ‘സര്‍ക്കാരിനെ നയിക്കുന്ന വ്യക്തിയുടെ വ്യക്തിത്വം പോലെയാണ് ഇത് നടക്കുക. ഇവിടെ ഉദ്ധവ് താക്കറെ എല്ലാവരെയും ഒരു പോലെ ഒപ്പം കൊണ്ടുപോകുന്ന വ്യക്തിയാണ്’, പവാര്‍ വ്യക്തമാക്കി.

സഖ്യസര്‍ക്കാരിലെ അസ്വസ്ഥതകള്‍ സഖ്യം രൂപീകരിച്ച ശേഷം ഇല്ലാത്ത കാര്യമാണെന്നാണ് പവാറിന്റെ നിലപാട്. അതേസമയംതാന്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപി നേതാവ് ഈ നിലപാട് പറയുമ്പോഴും കോണ്‍ഗ്രസ് മറ്റൊരു ഭാഷയിലാണ് സംസാരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിലും, എന്‍പിആര്‍, എന്‍ആര്‍സി വിഷയങ്ങളിലും ഉദ്ധവ് താക്കറെയ്ക്ക് ക്ലാസെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം സിഎഎ വിഷയത്തില്‍ രാജ്യത്തെ ആരും ഭയപ്പെടേണ്ടതില്ലെന്ന ഉദ്ധവിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. എന്തായാലും അഞ്ച് വര്‍ഷം തികയ്ക്കാന്‍ സഖ്യം ഏറെ വിയര്‍ക്കുമെങ്കിലും മറ്റൊരു തരത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഭരണം നഷ്ടപ്പെടുത്താന്‍ അവര്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നും ഉറപ്പാണ്.

Top