I have no any problem with Vs; Pinarayi

തിരുവനന്തപുരം: നേതൃകാര്യവുമായി ബന്ധപ്പെട്ട് വിഎസുമായി ഒരു പ്രശ്‌നവുമില്ലെന്നും ഞങ്ങള്‍ ഒരുമിച്ച് നയിക്കുമെന്നും പിണറായി വിജയന്‍.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ കലാകൗമുദി വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

നേതൃകാര്യവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ട് എന്നത് ഒരുകൂട്ടം മാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള സ്ഥാപിത താല്‍പര്യമാണ്. ഞങ്ങളെ ആ അജണ്ടയുടെ ഭാഗമാക്കാന്‍ ശ്രമിക്കേണ്ട.

തിരഞ്ഞെടുപ്പിനെ നയിക്കാന്‍ ഞങ്ങള്‍ രണ്ടാളും മാത്രമല്ല, ഇന്നീ പാര്‍ട്ടിയെ നയിക്കുന്ന എല്ലാവരുമുണ്ടാകും. പിണറായി നിലപാട് വ്യക്തമാക്കി.

എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാനമത്സരം നടക്കാന്‍ പോവുന്നതെങ്കിലും മുമ്പത്തേപ്പോലൊരു കള്ളക്കള്ളി ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറുമെന്നും കോ-ലീ-ബി സഖ്യത്തെ പരാമര്‍ശിച്ച് പിണറായി പറഞ്ഞു.

പഠനകോണ്‍ഗ്രസിന്റെ തുടര്‍ച്ചയായി 140 നിയമസഭാ മണ്ഡലങ്ങളിലും യോഗങ്ങള്‍ നടക്കും. അവിടെ പഠനകോണ്‍ഗ്രസിലെ കാഴ്ചപ്പാട് അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി സമഗ്രമായ മാനിഫെസ്റ്റോ ഫെബ്രുവരിയില്‍ പുറത്തിറക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉടനെയുണ്ടാകും.

സമൂഹത്തില്‍ നല്ല അംഗീകാരമുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ പ്രത്യേകം ശ്രദ്ധിക്കും.സിപിഎമ്മിലെ 44 എംഎല്‍എമാരും മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.

കേരളത്തില്‍ ആര്‍എസ്എസ് ഏറ്റവും വലിയ ശത്രുവായി കാണുന്നത് സിപിഎമ്മിനെയാണ്. യുഡിഎഫ് ജയിക്കണമെന്നാണ് അതുകൊണ്ട് തന്നെ അവര്‍ ആഗ്രഹിക്കുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്ന സമീപനം കോണ്‍ഗ്രസിനെ വലിയതോതില്‍ ക്ഷീണിപ്പിക്കും.

രാജ്യത്തൊട്ടാകെ ബിജെപിയോടൊപ്പം കൂടുതലായി കൂടിയിരിക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ നിന്നവര്‍ തന്നെയാണ്. വര്‍ഗ്ഗീയതയെ തുറന്നെതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തില്‍ നിന്നുണ്ടായതാണിത്. പിണറായി പറഞ്ഞു.

Top