“സ്ഥാപനങ്ങള്‍ക്ക് വേണ്ടി മുൻപും മുന്‍കൈയെടുത്തിട്ടുണ്ട്, ജനം എല്ലാം മനസിലാക്കും” ഇ പി ജയരാജന്‍

കണ്ണൂര്‍: ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിവാദങ്ങളെല്ലാം ജനങ്ങള്‍ക്ക് വിടുന്നു. കാര്യങ്ങള്‍ അവര്‍ക്ക് മനസിലാവുമെന്നും ഇ പി പറഞ്ഞു. താന്‍ ഇതുപോലുള്ള നിരവധി നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഇ പി ഇക്കാര്യം പറഞ്ഞത്. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഹോമിയോ ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഇ പിയുടെ വിശദീകരണം.

ഞാന്‍ ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല. പറശ്ശിനി വിസ്മയ പാര്‍ക്ക്. ഞാന്‍ ഉണ്ടാക്കികൊടുത്തയൊന്നാണ്. കണ്ടല്‍ പാര്‍ക്ക്. പരിയാരത്തെ നിര്‍മ്മാണ ഫാക്ടറി, പാപ്പിനിശ്ശേരി ഹോമിയോ ഹോസ്പിറ്റല്‍. ഒട്ടനവധി സ്ഥാപനങ്ങള്‍ ഞാന്‍ മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാം ജനങ്ങള്‍ മനസ്സിലാക്കും. അതിനനുസരിച്ച് അവര് പ്രതികരിക്കും. ഞാന്‍ പ്രത്യേകിച്ച് ഒന്നും പറയാന്‍ പോകുന്നില്ല.’ ട്വന്റി ഫോര്‍ ന്യൂസിനോടാണ് ഇ പി ജയരാജന്റെ പ്രതികരണം.

അതേസമയം വിവാദം നിലനില്‍ക്കെ കണ്ണൂരില്‍ കെഎസ്ടിഎ പരിപാടിക്കെത്തിയ ഇപി ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ചോദ്യങ്ങളോട് ചെറുപുഞ്ചിരി മാത്രമായിരുന്നു ഇ പിയുടെ മറുപടി.ആരോപണം മാധ്യമ സൃഷ്ടിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നും എം വി ഗോവിന്ദ്രന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദനും പ്രതികരിക്കുന്നത്. എകെജി ഭവനില്‍ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പിബി യോഗത്തിന്റെ അജണ്ടയില്‍ ജയരാജന്‍ വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ല.ഇ പിക്കെതിരായ അന്വേഷണം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്ന് പി ബി ഇന്നലെ അറിയിച്ചിരുന്നു. പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനാണ് സാധ്യത.

Top