ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയിലെന്ന് രാഹുല്‍ ക്രേംബ്രിഡ്ജില്‍

കേംബ്രിഡ്ജ്: ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോൺ ചോർത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണം നടക്കുകയാണെന്നും രാഹുൽ ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു.

”എന്റെ ഫോണിൽ പെഗാസസ് ഉണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും രാഷ്ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉണ്ട്. ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു.” ‘ലേണിങ് ടു ലിസൺ ഇൻ ദി 21സ്റ്റ് സെഞ്ചറി’ എന്ന വിഷയത്തിൽ എംബിഎ വിദ്യാർഥികളുമായി സംവദിക്കുമ്പോൾ രാഹുൽ പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിന്റെ വിഡിയോ കോൺഗ്രസ് നേതാവ് സാം പിത്രോദ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

വലിയ സമ്മർദ്ദമാണ് പ്രതിപക്ഷ നേതാക്കൾ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകൾ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനൽ കുറ്റം ചാർത്തപ്പെടേണ്ടാത്ത കേസുകളിൽപ്പോലും തന്റെ നേരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് രാഹുൽ കുറ്റപ്പെടുത്തി.

പാർലമെന്റ്, സ്വതന്ത്ര മാധ്യമപ്രവർത്തനം, ജുഡീഷ്യറി തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടിനുമേൽ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണം നടക്കുകയാണ്- രാഹുൽ പറഞ്ഞു

Top