I group movement for separated Kerala Congress

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്സ് പിളര്‍ത്തി ജോസഫ് വിഭാഗത്തെ യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് ‘ഐ’ വിഭാഗത്തിന്റെ നീക്കം.

സമദൂര സിദ്ധാന്തം പറഞ്ഞ് യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ്സ് ഒറ്റക്ക് നില്‍ക്കുന്നത് ഭാവിയില്‍ അപകടമാവുമെന്ന് കണ്ടാണ് ഈ നീക്കം.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്താല്‍ ഹൈക്കമാന്റ് തന്നെ മാണി ഗ്രൂപ്പിനെ കൊണ്ടുവരാന്‍ മുന്‍കൈ എടുത്തേക്കുമെന്നും അത്തരമൊരു സാഹചര്യത്തില്‍ ചെന്നിത്തല ബലിയാടാകുമെന്നുമുള്ള ഭയത്തിലാണ് ഐ ഗ്രൂപ്പ് നേതൃത്വം.

പി ജെ ജോസഫിനോട് നേരിട്ടും അദ്ദേഹത്തോടൊപ്പമുള്ള നേതാക്കള്‍ വഴിയുമാണ് ഐ ഗ്രൂപ്പിലെ പ്രമുഖര്‍ ഇപ്പോള്‍ ആശയവിനിമയം നടത്തി വരുന്നത്. മാന്യമായ സ്ഥാനവും പദവിയുമാണ് വാഗ്ദാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിര്‍ണ്ണായകമായതിനാല്‍ മാണി വിലപേശലിന്റെ ഭാഗമായി നേതൃത്വം ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാത്രമല്ല യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തന്നെ രമേശ് ചെന്നിത്തല തെറിക്കുമെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്. ഈ വിലപേശല്‍ മുളയിലേ നുള്ളാന്‍ ജോസഫ് വിഭാഗത്തെ യു.ഡി.എഫില്‍ എത്തിച്ചാല്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കരുനീക്കം.

ഇപ്പോള്‍ ഒരു പദവിയുമില്ലാതെ മാറി നില്‍ക്കുകയാണെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പാകുന്നതോടെ ഉമ്മന്‍ചാണ്ടി ശക്തമായ തിരിച്ചു വരവ് നടത്തുമെന്നും അതിന് മാണി തന്നെ ‘പാല’മാകുമെന്നുമുള്ള ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്.

ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും കേരള കോണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിക്കാതെയിരിക്കുന്നത് ‘ഭാവി’ നടപടികള്‍ മുന്‍നിര്‍ത്തിയാണെന്ന ആക്ഷേപവും ഐ ഗ്രൂപ്പിനുള്ളിള്‍ ശക്തമാണ്. തുടക്കത്തില്‍ മാണിക്കെതിരെ കടുത്ത നിലപാടെടുത്ത് ആഞ്ഞടിച്ച ഐ ഗ്രൂപ്പ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

മാണിയുമായി ചര്‍ച്ച തുടരുമെന്ന് പറഞ്ഞ മുസ്ലീം ലീഗ് നിലപാടും ഐ ഗ്രൂപ്പിനെ വെട്ടിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സില്ലാതെ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് മുന്നണിക്ക് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഇടതു മുന്നണിയിലേക്ക് വി.എസ് ഉള്ളിടത്തോളം കാലം പോവാന്‍ പറ്റാത്തതിനാല്‍ യു.ഡി.എഫ് അല്ലാതെ മറ്റൊരു ബദല്‍ മാര്‍ഗ്ഗം ലീഗിനെ സംബന്ധിച്ചില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ലീഗിന്റെ അടിത്തറയുമിളക്കും. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് ലീഗ് മാണിയോട് മൃദു സമീപനം സ്വീകരിക്കുന്നത്.

കോണ്‍ഗ്രസ്സില്‍ ചെന്നിത്തലയേക്കാള്‍ ലീഗിന് സ്വീകാര്യം ഉമ്മന്‍ചാണ്ടിയും സുധീരനുമാണ്. കേരള കോണ്‍ഗ്രസ്സ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് മുന്നില്‍ മുസ്ലീം ലീഗ് എടുക്കുന്ന നിലപാട് അതുകൊണ്ടു തന്നെ നിര്‍ണ്ണായകമാവും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പദം സ്വപ്നമായി കൊണ്ടുനടക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകള്‍ അവസരം വരുമ്പോള്‍ തകിടം മറിക്കാന്‍ മാണിതന്നെ മുന്‍കൈ എടുക്കുമെന്ന കാര്യവും ഉറപ്പാണ്.

ഇടത്-വലത് മുന്നണികളും ബി.ജെ.പി യും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സഹായം പ്രതീക്ഷിക്കുമെന്നതിനാല്‍ വിലപേശല്‍ തന്ത്രത്തിന് തന്നെയാണ് മാണിയുടെ നീക്കം.

ഈ ‘വിലപേശല്‍’ നീക്കം മുളയിലേ നുള്ളിക്കളയാനാണ് ജോസഫ് വിഭാഗത്തെ അടര്‍ത്തി മാറ്റാനുള്ള നീക്കം വഴി ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

യു.ഡി.എഫ് മുന്നണി വിടാനുള്ള തിരുമാനം ഒറ്റക്കെട്ടായാണ് എടുത്തതെങ്കിലും പി.ജെ. ജോസഫ് ഇതുവരെ പരസ്യ പ്രതികരണത്തിന് മുതിരാത്തത് പ്രതീക്ഷയോടെയാണ് ഐ ഗ്രൂപ്പ് കാണുന്നത്. ഉമ്മന്‍ ചാണ്ടിക്കും എ വിഭാഗത്തിനുമാണെങ്കില്‍ കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം എന്നതിലുപരി മാണിയടക്കമുള്ള മുഴുവന്‍ പേരും തിരിച്ച് വരണമെന്ന് നിലപാടുകാരാണ്.

അതേ സമയം ജോസഫ് ഗ്രൂപ്പിനെ ഇടതുപക്ഷത്തേയ്ക്ക് കൊണ്ടുവരാന്‍ പഴയ സഹപ്രവര്‍ത്തരായ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും ആന്റണി രാജുവിന്റെയും നേതൃത്വത്തിലും ചില ഇടപെടലുകള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്.

Top