അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ല: സൗരവ് ഗാംഗുലി

ബി.സി.സി.ഐ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ജോലി വളരെ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് സൗരവ് ഗാംഗുലി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം തെറ്റാണ്. ആ ചിത്രം (സെക്രട്ടറി ജയ് ഷാ, ക്യാപ്റ്റന്‍ വിരാട് കോലി, ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവര്‍ക്കൊപ്പം ഗാംഗുലി ഇരിക്കുന്നത് കാണാം) സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്നുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയേഷ് ജോര്‍ജ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ ഭാഗമല്ല. ഇന്ത്യക്കായി 424 അന്താരാഷ്ട്ര മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി അത് ആളുകളെ ഓര്‍മ്മപ്പെടുത്തുകയാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് സെക്രട്ടറി ജയ് ഷായുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ജയ് ഷാ പ്രിയപ്പെട്ട സുഹൃത്തും വിശ്വസ്തനായ സഹപ്രവര്‍ത്തകനുമാണെന്ന് അദ്ദേഹം മറുപടി നല്‍കി. ഈ ദുഷ്‌കരമായ സമയങ്ങളില്‍, പ്രത്യേകിച്ച് ഈ രണ്ട് വര്‍ഷങ്ങളില്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെ കണ്ടെത്താന്‍ ചില മാനദണ്ഡങ്ങളുണ്ട്. അതിന് യോജിക്കുന്നവര്‍ അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ ആകുമെന്നും ഗാംഗുലി വ്യക്തമാക്കി. സെലക്ടര്‍മാര്‍ക്ക് ഒരു പേര് മനസ്സിലുണ്ടാകും. അവര്‍ ഭാരവാഹികളുമായും പ്രസിഡന്റുമായും സെക്രട്ടറിയുമായും ചര്‍ച്ച ചെയ്യും. സമയബന്ധിതമായി ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നും വിശ്വസിക്കുന്നു, ഗാംഗുലി അറിയിച്ചു.

 

Top