കങ്കണ വാ പോയ കോടാലി; വിടുവായിത്തങ്ങള്‍ സംഘികള്‍ ന്യായീകരിക്കും, എന്നെ കിട്ടില്ലെന്ന് മഹുവ

മുംബൈ: നടി കങ്കണ റണാവത്തിന്റെ വിടുവായിത്തങ്ങള്‍ ന്യായീകരിക്കേണ്ടത് സംഘികളുടെ ബാധ്യതയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. യുക്തിയോടെ ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും മഹുവ എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

നേരത്തെ, കൊമേഡിയന്‍ വീര്‍ ദാസിന്റെ ‘രണ്ടു തരം ഇന്ത്യ’ പരാമര്‍ശം വിവാദമായപ്പോള്‍ വീര്‍ ദാസിനെ പിന്തുണച്ച് മഹുവ രംഗത്തെത്തിയിരുന്നു. എന്നാല്‍, കങ്കണയുടെ വിഷയത്തില്‍ എന്തുതരം പ്രതികരണമാണ് നടത്തുകയെന്ന ചോദ്യത്തിനാണ് മഹുവ നിലപാട് വ്യക്തമാക്കിയത്.

കങ്കണയുടെ, ‘1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു, രാജ്യത്തിന് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്’ എന്ന പരാമര്‍ശമായിരുന്നു അടുത്തിടെ വിവാദമായത്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Top