‘ഞാൻ അംബാനിക്കും അദാനിക്കും എതിരല്ല’; ഗെലോട്ടിനെ പിന്തുണച്ച് തരൂർ

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ. താൻ അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂർ പ്രതികരിച്ചു. രാജ്യത്തെ ബിസിനസ്സ് മേഖല ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“യഥാർത്ഥ കോൺഗ്രസ് നിലപാടാണ് ഗെലോട്ട് പറഞ്ഞത്. എന്റെ സംസ്ഥാനത്ത് വന്ന് നിക്ഷേപം നടത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ആരെങ്കിലും തയ്യാറാണെങ്കിൽ തീർച്ചയായും അവരെ സ്വാഗതം ചെയ്യും. അദാനി തിരുവനന്തപുരത്ത് വിമാനത്താവളത്തിനായി ലേലം വിളിച്ചപ്പോൾ എന്റെ നിലപാട് അതായിരുന്നു. അദ്ദേഹത്തോട് സഹകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എൻ്റെ മണ്ഡലത്തിൽ സംഭവിച്ചതും അതാണ്” – വൻകിട വ്യവസായികളെ സഹായിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നിരന്തരം ആരോപണം ഉന്നയിക്കുമ്പോൾ ഗെലോട്ട് നടത്തിയ പ്രസ്താവന ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top