അച്ഛനായും സഹോദരനായും എന്നും ഒപ്പമുണ്ട്, വിഷമ ഘട്ടങ്ങളില്‍ കടുംകൈ അരുതെന്ന് സ്ത്രീകളോട് സ്റ്റാലിന്‍

ചെന്നൈ: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ പരമപ്രധാന്യം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നിലവിലുള്ള 16 കോടതികള്‍ക്ക് പുറമെ പോക്സോ കേസുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ നാല് കോടതികള്‍ സ്ഥാപിക്കുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീ ജീവനക്കാര്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ പരാതികളും സംഭവങ്ങളും മറച്ചുവെക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. അധികാരികള്‍ കൃത്യസമയത്തും ഉചിതമായും പ്രവര്‍ത്തിക്കണമെന്നും സ്റ്റാലിന്‍ ഓര്‍മിപ്പിച്ചു.

‘ഞാന്‍ നിങ്ങളെ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, പിതാവിനെയും സഹോദരനെയും പോലെ സംരക്ഷിക്കും’ സ്റ്റാലിന്‍ പറഞ്ഞു. ജീവനൊടുക്കുന്നത് പോലുള്ള കടുംകൈയൊന്നും ചെയ്യരുതെന്ന് ലൈംഗികാതിക്രമത്തെ അതിജീവിച്ചവരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘കുറ്റവാളികളെ രാജ്യത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടണം. കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതിനായാണ് സംസ്ഥാന ശിശുനയം 2021 ആവിഷ്‌കരിച്ചത്” -അദ്ദേഹം വ്യക്തമാക്കി.

‘ഈയിടെയായി ഇടയ്ക്കിടെ അസ്വസ്ഥജനകമായ വാര്‍ത്തകള്‍ വരുന്നത് എന്നെ ഏറെ സങ്കടപ്പെടുത്തുന്നു. വിദ്യാസമ്പന്നരും സംസ്‌കാരസമ്പന്നരും വികസിതവുമായ സമൂഹത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നതില്‍ എനിക്ക് ശരിക്കും ലജ്ജ തോന്നുന്നു’ -പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനിരയാകുന്ന സംഭവങ്ങളും തുടര്‍ന്നുള്ള ആത്മഹത്യകളും ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു.

സ്‌കൂളുകളിലും കോളജുകളിലും ജോലിസ്ഥലങ്ങളിലുമടക്കം ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. അതില്‍ ചിലത് മാത്രമാണ് നിയമത്തിന് മുന്നിലെത്തുന്നത്. ഭൂരിഭാഗവും മൂടിവയ്ക്കപ്പെടുന്നു. സ്ത്രീകളെ സഹജീവികളായി കാണുകയും സ്ത്രീകളെ തുല്യമായി പരിഗണിക്കുകയും ചെയ്യുന്നതുവരെ ഇത്തരം അതിക്രമങ്ങള്‍ തടയാനാവില്ല. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മതിയായ നിയമങ്ങളുണ്ട്. കുറ്റവാളികളെ കോടതിയില്‍ എത്തിച്ച് ഉചിതമായ ശിക്ഷ നല്‍കും. അതിക്രമങ്ങള്‍ നേരിട്ടാല്‍ ധൈര്യസമേതം മുന്നോട്ട് വന്ന് പരാതിപ്പെടണമെന്നും മുഖ്യമന്ത്രി പെണ്‍കുട്ടികളോടും സ്ത്രീകളോടും അഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും മേധാവികള്‍ പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കണം. സ്ഥാപനങ്ങളുടെ പ്രശസ്തി സംരക്ഷിക്കാന്‍ സംഭവങ്ങള്‍ മറച്ചുവെക്കുന്നതില്‍ നിന്ന് അധ്യാപകരും സ്ഥാപന മേധാവികളും പിന്മാറണം. സമൂഹം തങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കുമെന്ന് വിചാരിച്ച് ആക്രമണത്തിനിരയാകുന്നവരും കുടുംബാംഗങ്ങളും മിണ്ടാതിരിക്കരുത്. അങ്ങനെ ചെയ്യുന്നത്, മാനസികമായി കഷ്ടപ്പെടുന്ന കുട്ടിയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവര്‍ 1098 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം. ഇതിനായി ചെന്നൈയിലെ ഡി.പി.ഐ കോംപ്ലക്‌സിലെ സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കേന്ദ്രം തുറന്നിട്ടുണ്ട്. കുട്ടികളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്ന ടീമില്‍ യോഗ്യരായ ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ ഉണ്ടായിരിക്കും.

Top