‘എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ട്’; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ദില്ലി : അപകീര്‍ത്തി കേസില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി.എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുലിന്റെ പ്രതികരണം. എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുന്നുവെന്നാണ് രാഹുലിന്റെ വാക്കുകള്‍. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്‌ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അയോഗ്യ നീങ്ങുന്നതോടെ രാഹുലിന് ഇനി വയനാടിന്റെ എംപിയായി തുടരാം.

അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി. പറ്റിയ തെറ്റ് തിരുത്താനുള്ള മാന്യത പുലര്‍ത്താത്ത സമീപനം ആണ് രാഹുലിന്റെത് എന്ന് പരാതിക്കാരന്‍ പൂര്‍ണേഷ് മോദി വാദിച്ചു. ഗുജറാത്തില്‍ ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പരാമര്‍ശം തെറ്റാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസിനെ രാഷ്ട്രീയമാക്കി മാറ്റാന്‍ അനുവദിയ്ക്കില്ലെന്ന് സിംഗ്വിയോട് കോടതി ഓര്‍മിപ്പിച്ചു.

Top