ഞാനും കറുത്ത വര്‍ഗക്കാരിയാണ്; സെമി ഫൈനലില്‍ നിന്ന് പിന്മാറി നവോമി ഒസാക്ക

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലെയ്ക്ക് പൊലീസിന്റെ വെടിയേറ്റു മരിച്ച സംഭത്തില്‍ കായിക ലോകത്തും പ്രതിഷേധം. സംഭവത്തില്‍ വംശീയ നീതിയാവശ്യപ്പെട്ട് വെസ്റ്റേണ്‍ ആന്റ് സതേണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ജപ്പാനീസ് വനിതാ താരം നവോമി ഒസാക്ക പിന്‍മാറി.

ടൂര്‍ണമെന്റിന്റെ സെമി ഫൈനില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒസാക്ക പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റ് ഒരു ദിവസത്തേക്കു സംഘാടകര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

അമേരിക്കയില്‍ വീണ്ടും ആക്രമണം ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. ഒരു കായിക ഇനമെന്ന വിലയില്‍ വംശീയ അസമത്വത്തിനും സാമൂഹിക അനീതിക്കുമെതിരേ ടെന്നീസും കൂട്ടായ നിലപാട് സ്വീകരിക്കുന്നു. ഇതേ തുടര്‍ന്നാണ് യുഎസ്ടിഎ, എടിപി, എടിപി ടൂര്‍, ഡബ്ല്യുടിഎ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു ദിവസത്തേക്കു നിര്‍ത്താന്‍ തീരുമാനിച്ചതെന്നു മൂന്നു സംഘടനകളും അറിയിച്ചു.

കറുത്ത വര്‍ഗക്കാരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്ന സംഭവത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കറുത്ത വര്‍ഗക്കാരിയെന്ന നിലയില്‍ താന്‍ ടൂര്‍ണമെന്റില്‍ പിന്‍മാറാന്‍ നിര്‍ബന്ധിതയായതെന്നു ഒസാക്ക ട്വിറ്ററില്‍ കുറിച്ചു. ഈ ടൂര്‍ണമെന്റില്‍ തുടര്‍ന്ന് കളിക്കാതിരുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോവുന്നില്ല. എന്നാല്‍ ഭൂരിഭാഗവും വെളുത്ത വര്‍ഗക്കാരുള്‍പ്പെടുന്ന കായിക രംഗത്ത് ഒരു ചര്‍ച്ചയ്ക്കു തുടക്കമിടാന്‍ ഇതു കൊണ്ട് കഴിയുകയാണെങ്കില്‍ അത് ശരിയായ ശരിയായ ദിശയിലേക്കുള്ള ചുവട് വയ്പ്പാണെന്നു ഞാന്‍ കരുതുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.

ഓരോദിവസം കൂടുമ്പോഴും പുതിയ ഹാഷ്ടാഗ് വന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ തളര്‍ന്നു പോവുകയാണ്. ഒരേ ചര്‍ച്ച തന്നെ വീണ്ടും വീണ്ടും വരുന്നതിനാല്‍ ഞാന്‍ കുഴങ്ങുകയാണ്. ഇത് എപ്പോഴായിരിക്കും അവസാനിക്കുകയെന്നും ഒസാക്ക ട്വിറ്ററിലൂടെ ചോദിക്കുന്നു.

Top