‘ഞാന്‍ മോദിയുടെ ആരാധകന്‍’; യു.എസിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്നും വിശിഷ്ടമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌ക് പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. അത്തരത്തില്‍ നേരത്തെ അറിയുന്ന വ്യക്തിയാണ്. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ട്. ടെസ്ല ഇന്ത്യയില്‍ എത്തുന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്, മസ്‌ക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭാവിയക്കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ ആവേശഭരിതനാകുന്നുവെന്നും മസ്‌ക് പറഞ്ഞു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് അഭിപ്രായപ്പെട്ടു.

കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. ജാക്ക് ഡോര്‍സി കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണത്തിനും മസ്‌ക് മറുപടി നല്‍കി. അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ സാധ്യമല്ല. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങളും നിയന്ത്രണങ്ങളുണ്ട്. നിയമങ്ങള്‍ പാലിച്ചുകൊണ്ട് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വേദിയൊരുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ട്വിറ്റര്‍ ഉടമ കൂടിയായ മസ്‌ക് പറഞ്ഞു.

Top