എനിക്കും 18 വയസായ മകളുണ്ട്; യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ സിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ സത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യത്തെ ഒരോ സ്ത്രീകളും അസ്വസ്ഥരാണ്.

എനിക്കും 18 വയസായ ഒരു മകളുണ്ട്. യു.പി സര്‍ക്കാര്‍ ഹാത്രാസിലെ പെണ്‍കുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

അതേസമയം, രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കാല്‍നടയായി പോകുന്നതിനിടെയാണ് പൊലീസിന്റെ നീക്കം.

തിക്കിലും തിരക്കിലും രാഹുല്‍ ഗാന്ധി നിലത്തു വീണു. പൊലീസിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി.

നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുന എക്‌സ്പ്രസ് വേയില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് കാല്‍ നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ അനുഗമിക്കുന്നുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്നും ഏകദേശം 170 കിലോമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ വീട്.

Top