ഇന്ത്യയ്ക്കായ് ചെറു ഇലക്ട്രിക് കാറുമായി ഹ്യുണ്ടേയ്

ഇന്ത്യൻ വിപണിക്കായി ചെറു ഇലക്ട്രിക് കാറുമായി ഹ്യുണ്ടേയ് എത്തുന്നു. 2028 നുള്ളിൽ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളിലൊന്നായിരിക്കും ചെറുകാർ. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായി വിപണി പിടിക്കാനാണ് ഹ്യുണ്ടേയ് ഒരുങ്ങുന്നത്.

ഇലക്ട്രിക് വാഹന രംഗത്ത് കൂടുതൽ ശക്തി ആർജിക്കുന്നതിനായി ചാർജിങ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക, സെയിൽസ് നെറ്റ‌്‌വർ‌ക്ക് വിപുലപ്പെടുത്തുക, നിർമാണം ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ ആദ്യം ചെയ്യുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. വാഹനത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാധാരണക്കാർക്ക് ഇണങ്ങുന്ന ചെറു കാറായിരിക്കുമെന്നാണ് കരുതുന്നത്.

അടുത്ത ആറു വർഷത്തിനുള്ളിൽ ആറ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനായി 40 ബില്ല്യൺ രൂപയുടെ നിക്ഷേപമാണ് ഹ്യുണ്ടേയ് നടത്താനൊരുങ്ങുന്നത്. 2019 ൽ കോനയുമായാണ് ഹ്യുണ്ടേയ് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ അരങ്ങേറിയത്. രണ്ടാമത്തെ ഇലക്ട്രിക് വാഹനം അയോണിക് 5 എന്ന ക്രോസ്ഓവർ ഉടൻ വിപണിയിലെത്തും. ഒറ്റത്തവണ ചാർജ് ചെയ്താൽ 480 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന് ഏകദേശം 35 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top