രണ്ട് സെവന്‍ സീറ്റര്‍ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായി നിലവില്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങളുടെ മുഖം മിനുക്കലിനാണ് 2020-ല്‍പ്രധാന്യം നല്‍കുന്നത്. ഇപ്പോഴിതാ രണ്ട് സെവന്‍ സീറ്റര്‍ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കള്‍. ഇതില്‍ ഒന്ന് ക്രെറ്റയുടെ ഏഴ് സീറ്റര്‍ മോഡലായിരിക്കും. ഈ വാഹനം 2020-ന്റെ അവസാനമോ 2021 ആദ്യത്തോടെയോ നിരത്തുകളിലെത്തുമെന്നാണ് സൂചന.

രണ്ടാമത്തേത് ഒരു എംപിവിയായിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കാഴ്ചയില്‍ ഇപ്പോള്‍ ഇന്ത്യയിലെത്തിയ ക്രെറ്റയ്ക്ക് സമാനമായിരിക്കും ഏഴ് സീറ്റര്‍ മോഡലും. എന്നാല്‍,സീറ്റുകളുടെ എണ്ണം കൂടുന്നതിനാല്‍ തന്നെ വീല്‍ബേസ് അല്‍പ്പം ഉയര്‍ത്തുന്നുണ്ട്. ആറ്, ഏഴ് സീറ്റുകളില്‍ ക്രെറ്റ എത്തിയേക്കും. ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ ബഞ്ച് സീറ്റുകളുമായിരിക്കും നല്‍കുക.

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ഈ വാഹനം മഹീന്ദ്ര എക്‌സ്യുവി 500, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ് എന്നീ മോഡലുകളുമായായിരിക്കും ഏറ്റുമുട്ടുക.

രണ്ടാമത്തെ വാഹനം ഏഴ് സീറ്റര്‍ എംപിവിയായിരിക്കും. ഈ വാഹനം ഹ്യുണ്ടായിയുടെ ജന്മനാടായ ദക്ഷിണ കൊറിയയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലുള്ള ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനങ്ങളില്‍ നല്‍കും.

Top