ഹ്യൂണ്ടായിയുടെ ഗ്രാന്റ് ഐ 10 നിയോസ് നാളെ അവതരിപ്പിക്കും

വാഹനപ്രേമികളുടെ ഇഷ്ട വാഹനമായ ഹ്യൂണ്ടായ് ഗ്രാന്റ് ഐ 10 നിയോസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. നാളെ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയതായാണ് വിവരം. ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് മോഡലായിരുന്ന ഗ്രാന്റ് ഐ 10-ന്റെ രണ്ടാം തലമുറ മോഡലായാണ് ഹ്യൂണ്ടായ് ഗ്രാന്റ് ഐ 10 നിയോസിനെ അവതരിപ്പിക്കുന്നത്.

ഗ്രാന്റ് ഐ 10ന്റെ നിലവിലെ മോഡല്‍ പിന്‍വലിക്കാതെയാണ് പുതിയ പതിപ്പ് എത്തുന്നത്. കാഴ്ചയിലും സൗകര്യത്തിലും പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ പുതുമകളുമായാണ് ഗ്രാന്റ് ഐ 10 നിയോസ് എത്തുന്നത്.

കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയിലെ പുതുമയാണ് നിയോസിന്റെ പ്രധാന ആകര്‍ഷണം.

ഡ്യുവല്‍ ടോണിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡും പുതിയതാണ്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകതകള്‍. വയര്‍ലെസ് ചാര്‍ജിങ് ഉള്‍പ്പെടെയുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സും നിയോസിലുണ്ട്.

75 പി.എസ് പവറും 190 എന്‍.എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ സി.ആര്‍.ഡി.ഐ എന്‍ജിനിലും 83 പി.എസ് പവറും 114 എന്‍.എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് നിയോസ് എത്തുന്നത്. മാനുവല്‍, എ.എം.ടി ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കും.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി നിയോസിന്റെ പത്ത് വേരിയന്റുകളാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്. പുതിയ നിറങ്ങള്‍ ഉള്‍പ്പെടുത്തി എട്ട് നിറങ്ങളിലെത്തുന്ന ഈ വാഹനത്തിന് അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് സൂചനകള്‍.

Top