ഇന്ത്യയ്ക്ക് ഡിമാന്റ് ഏറുന്നു ; ഹ്യുണ്ടായ് വെര്‍ണയുടെ ഉല്‍പ്പാദനം ചെന്നൈയിലേക്ക് മാറ്റുന്നു

verna

മുംബൈ: പുതിയ ഹ്യുണ്ടായ് വെര്‍ണയുടെ ഉല്‍പ്പാദനം പൂര്‍ണ്ണമായും ഇന്ത്യയിലേക്ക് മാറ്റാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി ആലോചിക്കുന്നു.

പുതിയ വെര്‍ണ നിര്‍മ്മിക്കുന്നതിന് ഹ്യുണ്ടായുടെ ചെന്നൈയിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റാണ് ഉപയോഗപ്പെടുത്തുക.

ജനുവരി മുതല്‍ മിക്കവാറും എല്ലാ ആഗോള വിപണികളിലേക്കും ചെന്നൈ പ്ലാന്റില്‍നിന്ന് പുതിയ വെര്‍ണ കയറ്റുമതി ചെയ്യും.

വലുതും കൂടുതല്‍ പ്രീമിയം സ്വഭാവം പുലര്‍ത്തുന്നതുമായ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാമെന്ന ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ആത്മവിശ്വാസമാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിലെ ഓരോ വര്‍ഷവും 1.3 ലക്ഷം യൂണിറ്റ് വീതം ഹ്യുണ്ടായ് വെര്‍ണ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതില്‍ 60-70 ശതമാനം കയറ്റുമതി ചെയ്യുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ വൈ കെ കൂ പറഞ്ഞു.

ചെറിയ കാറുകള്‍ നിര്‍മ്മിക്കുന്ന രാജ്യമെന്ന നിലയില്‍നിന്നുമാറി വലിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി ഹ്യുണ്ടായ് ഇതിനകം ഇന്ത്യയെ കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ക്രെറ്റ എസ്‌യുവിയുടെ 45,000 യൂണിറ്റാണ് ഇന്ത്യയില്‍നിന്ന് വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത്.

മുന്നോട്ടുള്ള പ്രയാണത്തില്‍ ഇന്ത്യയുടെ പ്രാധാന്യം കൂടിയാണ് ഹ്യുണ്ടായ് മനസ്സിലാക്കിയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക് കഴിഞ്ഞാല്‍ ഹ്യുണ്ടായ് മോട്ടോറിന് ഏറ്റവുമധികം ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന വിപണിയാണ് ഇന്ത്യ. യുഎസ്, ബ്രസീല്‍ വിപണികളേക്കാള്‍ മുന്നിലാണ്.

ഇന്ത്യന്‍ വിപണിയിലേക്കായി ഹ്യുണ്ടായ് വെര്‍ണയുടെ 50,000 യൂണിറ്റും കയറ്റുമതി ആവശ്യങ്ങള്‍ക്കായി 80,000 യൂണിറ്റും നിര്‍മ്മിക്കുമെന്ന് വൈ കെ കൂ വ്യക്തമാക്കി. അവിടങ്ങളിലെ ആഭ്യന്തര വിപണികള്‍ക്കായി ചൈനയിലും റഷ്യയിലും ഹ്യുണ്ടായ് വെര്‍ണ നിര്‍മ്മിക്കുന്നത് തുടരും.

Top