കോംപാക്ട് എസ്.യു.വികളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് വെന്യു

കോംപാക്ട് എസ്.യു.വികളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തി ഹ്യുണ്ടായിയുടെ വെന്യു. ഓഗസ്റ്റ് മാസത്തില്‍ മാത്രം 9,342 യൂണിറ്റ് നിരത്തിലെത്തിച്ചാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കോംപാക്ട് എസ്.യു.വിയെന്ന നേട്ടം വെന്യു സ്വന്തമാക്കിയത്.

കഴിഞ്ഞ മെയ് മാസമാണ് ഹ്യുണ്ടായ് വെന്യു അവതരിപ്പിച്ചത്. എസ്.യു.വി ശ്രേണിയില്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരനായ ബ്രെസയെ പിന്നിലാക്കിക്കൊണ്ടാണ് വെന്യു മുന്‍നിരയിലേക്ക് എത്തിയത്. ഓഗസ്റ്റിലെ വാഹന വില്‍പ്പനയില്‍ ബ്രെസ മൂന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. എര്‍ട്ടിഗയാണ് രണ്ടാം സ്ഥാനത്ത്.

ജൂലൈയില്‍ 9,585 വാഹനങ്ങളാണ് വെന്യു നിരത്തിലെത്തിച്ചത്. അതേസമയം ബ്രെസ 5,302 വാഹനങ്ങളാണ് വില്‍പ്പന ചെയ്തത്. ഓഗസ്റ്റില്‍ ഇത് 7,109 ആയി ഉയര്‍ന്നിട്ടുണ്ട്. എര്‍ട്ടിഗയുടെ 8,391 വാഹനങ്ങളും ഓഗസ്റ്റില്‍ വില്‍പ്പന നേടിയിരുന്നു. വെന്യുവിന്റെ 36,005 യൂണിറ്റാണ് ഇതുവരെ നിരത്തിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം വിപണിയില്‍ എത്തിയ കിയ സെല്‍റ്റോസും മുന്‍പന്തിയില്‍ തന്നെയാണുള്ളത്. 6,236 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് വില്‍പ്പനയില്‍ നാലാമനാകാന്‍ സെല്‍റ്റോസിന് കഴിഞ്ഞു. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടായിയുടെ ക്രേറ്റയാണുള്ളത്. 6,001 വാഹനങ്ങളാണ് ക്രേറ്റയുടെതായി കഴിഞ്ഞ മാസം പുറത്തിറങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇന്നോവ, ബൊലേറോ, നെക്സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇത്തവണ ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടില്ല.

Top