പുതിയ ക്രെറ്റയെ അവതരിപ്പിച്ച് ഹ്യുണ്ടായി

നപ്രിയ മോഡലായ ക്രെറ്റയ്ക്ക് പുത്തന്‍ വകഭേദമായ എസ് എക്‌സ് എക്‌സിക്യൂട്ടീവ് അവതരിപ്പിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. പെട്രോള്‍ എന്‍ജിനുള്ള ക്രേറ്റ എസ് എക്‌സ് എക്‌സിക്യൂട്ടീവിന് 13.18 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം ഷോറൂം വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു . ഡീസല്‍ പതിപ്പിന് ഒരു ലക്ഷം രൂപ കൂടി അധികം നല്‍കണം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കുള്ള ഈ ക്രേറ്റയില്‍ മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രമാണു ട്രാന്‍സ്മിഷന്‍.

ക്രേറ്റയുടെ എസ് എക്‌സ് വകഭേദത്തിനു തൊട്ടു താഴെയായാണ് എസ് എക്‌സ് എക്‌സിക്യൂട്ടീവിന്റെ സ്ഥാനം. 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ സി ആര്‍ ഡി ഐ ഡീസല്‍ എന്‍ജിനുകളാണ് ക്രേറ്റ എസ് എക്‌സ് എക്‌സിക്യൂട്ടീവിന്റെ ഹൃദയം. പെട്രോള്‍ എന്‍ജിന് പരമാവധി 113 ബി എച്ച് പി വരെ കരുത്തും 144 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. സി ആര്‍ ഡി ഐ ഡീസല്‍ എന്‍ജിന്‍ 113 ബി എച്ച് പി കരുത്തും 250 എന്‍ എം വരെ ടോര്‍ക്കുമാണു ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

എസ് എക്‌സിനെ അപേക്ഷിച്ചു ചില ഫീച്ചറുകള്‍ കുറച്ചാണ് എസ് എക്‌സ് എക്‌സിക്യൂട്ടീവ് വകഭേദം എത്തുന്നത്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ വിലയില്‍ 78,000 രൂപയുടെ കുറവുണ്ട്. ക്രോം ഡോര്‍ ഹാന്‍ഡില്‍, ആര്‍കമീസ് സൗണ്ട് സിസ്റ്റം, ശബ്ദം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ബട്ടന്‍ എന്നിവയൊന്നും പുത്തന്‍ ക്രേറ്റയില്‍ ലഭ്യമല്ല. മാത്രമല്ല, ബ്ലൂ ലിങ്ക് കണക്ടിവിറ്റി സഹിതമുള്ള, 10.25 ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തിലില്ല. പകരം എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍.

2015 ലാണ് ആദ്യ ക്രെറ്റയെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആണ് പുതിയ മോഡല്‍ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്.

അതേ വര്‍ഷം മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്റെ വിപണിപ്രവേശനം. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയ ഐഎക്‌സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തിയത്. ഏറെ ന്യൂജന്‍ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തിയത്. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്നീ മൂന്ന് വ്യത്യസ്ത ഹൃദയങ്ങളുമായാണ് 2020 മോഡലിന്റെ വരവ്. ആദ്യ തലമുറയില്‍നിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിംഗിലാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

Top