ഹ്യുണ്ടായി മേയ് മാസത്തിലെ കയറ്റുമതിക്കായി നിര്‍മ്മിച്ചത് 5000 വാഹനങ്ങള്‍

കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മേയ് മാസത്തിലെ കയറ്റുമതിക്കായി നിര്‍മ്മിച്ചത് 5000 വാഹനങ്ങള്‍.

മൂന്നാംഘട്ട ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മേയ് എട്ടിനാണ് ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റ് തുറന്നത്. ഇതിനുശേഷമാണ് കയറ്റുമതിക്കുള്ള 5000 വാഹനങ്ങള്‍ ഇവിടെ നിര്‍മ്മിച്ചത്. അതേസമയം, ഏതൊക്കെ മോഡലുകളാണ് കയറ്റുമതിക്ക് ഒരുങ്ങിയതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ല.

ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയില്‍ മുന്‍നിരയില്‍ തന്നെയാണ് ഹ്യുണ്ടായിയുടെ സ്ഥാനം. 1999ല്‍ ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതി ആരംഭിച്ച ഹ്യുണ്ടായി കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 88 രാജ്യങ്ങളിലേക്കായി 30 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി ചെയ്തിട്ടുള്ളത്.

അതേസമയം കോവിഡ് വ്യാപനവും ലോക്ഡൗണും ഇന്ത്യയിലെ വാഹനമേഖലയെ കടുത്ത പ്രതിസന്ധിയിലാണ് ആക്കിയിട്ടുള്ളത്. എന്നാല്‍, ഈ പ്രതികൂല സാഹചര്യത്തെ വാഹനമേഖല അതിജീവിച്ച് തുടങ്ങിയെന്നാണ് സൂചന. ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ഷോറൂമുകളും മറ്റും തുറന്നതോടെ അനുകൂല സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ട്.

Top