റഷ്യയിലെ പ്ലാന്റ് വിൽക്കാൻ ഹ്യുണ്ടായി; വില്പന വെറും 6400 രൂപയ്ക്ക്

ഷ്യയിലെ പ്ലാന്റ് വിൽക്കാനുള്ള നീക്കത്തിൽ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി. ഉക്രെയിനും റഷ്യയും തമ്മിലുള്ള പ്രശ്‍നത്തിന് ശേഷം 2022 മാർച്ചിൽ ഈ സ്ഥാപനത്തിലെ ഉൽപ്പാദനം ഹ്യുണ്ടായി അവസാനിപ്പിച്ചിരുന്നു. ഈ പ്ലാന്റ് ഇപ്പോൾ പൂർണമായി വിറ്റ് ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. ഹ്യുണ്ടായ് മോട്ടോർ റഷ്യയിലെ തങ്ങളുടെ പ്ലാന്റ് ടോക്കൺ 7,000 റൂബിളിന് വിൽക്കാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ. ഇത് ഏകദേശം 77 ഡോളർ അഥവാ 6400 രൂപയോളമേ വരികയുള്ളൂ.

സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലെ ആസ്തികൾ രാജ്യത്തെ ആർട്ട് ഫിനാൻസിലേക്ക് മാറ്റാനാണ് ഹ്യുണ്ടായ് ഉദ്ദേശിക്കുന്നത്. മറ്റ് ചില വാഹന നിർമ്മാതാക്കളും അടുത്ത കാലത്ത് റഷ്യയിൽ നിന്നും പിന്മാറിയിരുന്നു. മോസ്കോ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് സേവനങ്ങൾ നൽകുന്ന കമ്പനിയായ ആർട്ട് ഫിനാൻസ് എന്ന കമ്പനിക്ക് ഫോക്‌സ്‌വാഗൺ അതിന്റെ റഷ്യൻ അസറ്റുകളിലെ ഓഹരികൾ വിറ്റിരുന്നു.

എന്നാൽ ഈ നീക്കം കൊറിയൻ ബ്രാൻഡിനെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ദോഷം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകൾ. കാരണം ഹ്യൂണ്ടായിയും സഹോദര ബ്രാൻഡായ കിയയും ഉക്രെയിൻ – റഷ്യ യുദ്ധത്തിന് അധിനിവേശത്തിന് മുമ്പ് റഷ്യയിലെ മികച്ച മൂന്ന് കാർ ബ്രാൻഡുകളിൽ ഒന്നായിരുന്നു. എന്നാൽ യുദ്ധത്തെ തുടർന്ന് ആഗോള വാഹന നിർമ്മാതാക്കളിൽ പലരും ഇവിടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു.

2022 മാർച്ച് മുതൽ പ്രവർത്തനം നിർത്തിവച്ച പ്ലാന്റ് വിൽക്കുന്നതിലൂടെ 287 ബില്യൺ വോൺ (219.19 മില്യൺ ഡോളർ) നഷ്ടം ഉണ്ടാകുമെന്നും ഹ്യൂണ്ടായ് മോട്ടോർ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

Top