ഇന്നോവയ്ക്ക് എതിരാളിയാകാൻ ഹ്യുണ്ടായ് സ്റ്റാർഗേസർ

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി തങ്ങളുടെ പുതിയ എംപിവിയായ സ്റ്റാര്‍ഗേസര്‍ ആഗോളതലത്തിൽ അവതരിപ്പിച്ചു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി എർട്ടിഗ, കിയ കാരെൻസ് എന്നിവയുടെ എതിരാളിയായി ഇന്ത്യയിലേക്ക് വരുമെന്ന് നേരത്തെ വാഹനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ വന്നിരുന്നു. സ്റ്റാർഗേസർ ആദ്യം ഇന്തോനേഷ്യയിലും പിന്നീട് മറ്റ് വിപണികളിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര വിപണികളിൽ വിറ്റഴിക്കപ്പെടുന്ന വലിപ്പമുള്ള ആഡംബര എംപിവി ആയ ഹ്യുണ്ടായ് സ്റ്റാറിയയാണ് സ്റ്റാർഗേസറിന് പ്രചോദനം. സ്റ്റാറിയയെപ്പോലെ സ്റ്റാർഗേസറിന്‍റെ ബോണറ്റ് ലൈനിലുടനീളം ആധുനികമായി കാണപ്പെടുന്ന പൂർണ്ണ വീതിയുള്ള തിരശ്ചീന എല്‍ഇഡി ഡിആര്‍എല്ലുകൾ ഉണ്ട്. ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ ഫ്രണ്ട് ഗ്രില്ലിന് താഴെ സ്ഥാനം പിടിച്ചിരിക്കുന്നു. പിൻഭാഗത്ത്, പുതിയ സ്റ്റാർഗേസറിന് അനുയോജ്യമായ ലംബ ടെയിൽ ലാമ്പുകലാണ്. അവ ടെയിൽഗേറ്റിൽ ഒരു ‘H’ രൂപപ്പെടുന്ന ലൈറ്റ് സ്ട്രൈപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.

ഹ്യുണ്ടായ് സ്റ്റാർഗേസറിന്‍റെ ക്യാബിന്‍റെ ഉള്ളിൽ, മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റുകളുള്ള ലേ ഔട്ട് ലഭിക്കുന്നു. മൊത്തത്തിലുള്ള ക്യാബിൻ രൂപകൽപ്പന ചെയ്‍തിരിക്കുന്നത് പരമാവധി സൗകര്യത്തിനു വേണ്ടിയാണ് എന്ന് ഹ്യുണ്ടായ് പറയുന്നു. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, പിൻ യാത്രക്കാർക്കായി മേൽക്കൂരയിൽ ഘടിപ്പിച്ച എയർകോൺ വെന്റുകൾ എന്നിവ സ്റ്റാർഗേസറിനുള്ളിലെ ചില പ്രധാന കാബിൻ ഫീച്ചറുകളാണ്. അതിനുപുറമെ, ഡ്രൈവർ സീറ്റിന് പിന്നിൽ മടക്കാവുന്ന ട്രേ, കപ്പ് ഹോൾഡറുകൾ, സീറ്റ് ബാക്ക് പോക്കറ്റുകൾ എന്നിവ കാറിനുള്ളിലെ പ്രായോഗികത വർദ്ധിപ്പിക്കുന്നു.

കൂട്ടിയിടി ഒഴിവാക്കൽ, റിയർ ക്രോസ്-ട്രാഫിക് കൂട്ടിയിടി ഒഴിവാക്കൽ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ് എന്നിങ്ങനെ സാമാന്യം ആധുനികമായ ചില സുരക്ഷാ ഫീച്ചറുകൾ ഹ്യുണ്ടായ് സ്റ്റാർഗേസറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഡോർ ലോക്ക്/അൺലോക്ക്, എസി ഓൺ/ഓഫ് എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ പേറ്റന്റ് ബ്ലൂലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകളും എംപിവിയില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്തോനേഷ്യയിൽ, 113 ബിഎച്ച്‌പി പരമാവധി കരുത്തും 144 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ സിംഗിൾ പവർട്രെയിൻ ഓപ്ഷനാണ് കാറിന് വാഗ്ദാനം ചെയ്‍തിരിക്കുന്നത്. എൻജിൻ ഒരു സിവിടിയും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ചേർന്നാണ് വരുന്നത്.

ഇന്ത്യയിലേക്ക് സ്റ്റാർഗേസർ വരുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഇല്ല. എന്നാല്‍ വാഹനം ഈ വര്‍ഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് ചില കൊറിയൻ മാധ്യമങ്ങൾ ഈ വര്‍ഷം ആദ്യം റിപ്പോർട്ട് ചെയ്‍തിരുന്നു. പുതിയ എംപിവി 2022 അവസാനമോ 2023ന്‍റെ തുടക്കത്തിലോ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top