പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ നിരത്തുകളിലോടുന്നത് വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റ്

2019 മേയ് മാസത്തിലായിരുന്നു ഇന്ത്യന്‍ നിരത്തുകള്‍ ഹ്യുണ്ടായിയുടെ വെന്യു എന്ന ഒരു സബ് കോംപാക്ട് എസ്യുവി എത്തുന്നത്. കാണാന്‍ കേമനും സാങ്കേതികവിദ്യയില്‍ വമ്പനും പ്രകടനത്തില്‍ മികച്ചതുമായ ഈ വാഹനം പുറത്തിറങ്ങി കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തുകളിലോടുന്നത്.

വാഹനനിര്‍മാതാക്കള്‍ക്ക് പൊതുവെ വെല്ലുവിളിയുടെ വര്‍ഷമായിരുന്നു 2019. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വാഹന വില്‍പ്പന നടന്ന വര്‍ഷം. ഈ പ്രതികൂല സാഹചര്യത്തിലും ഹ്യുണ്ടായിക്ക് നില മെച്ചപ്പെടുത്താന്‍ സാധിച്ചതിന്റെ പ്രധാന ക്രെഡിറ്റ് വെന്യുവിന് അവകാശപ്പെട്ടതാണ്. തികച്ചും പുതിയ ഒരു ശ്രേണിയിലെത്തിയാണ് വെന്യു ഹ്യുണ്ടായിക്ക് ഈ വിജയം സമ്മാനിച്ചത്.

ഇന്ത്യന്‍ നിരത്തുകളില്‍ വെന്യുവിന്റെ 97,400 യൂണിറ്റ് എത്തിയപ്പോള്‍ 7400 യൂണിറ്റാണ് കടല്‍ കടന്നത്. ലോകത്താകമാനം പ്രതിസന്ധി നേരിടുന്ന ഈ വര്‍ഷത്തില്‍ പോലും സബ് കോംപാക്ട് എസ്യുവികളുടെ മേധാവിത്വം വെന്യുവിന്റെ പക്കല്‍ ഭദ്രമാണ്. 2020-ലെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചത് വെന്യുവിന്റെ വില്‍പ്പനയ്ക്ക് വീണ്ടും കരുത്ത് പകര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്യുവിയായാണ് വെന്യു എത്തിയത്. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായിരുന്നു ഈ കുഞ്ഞന്‍ എസ്യുവിയുടെ കൈമുതല്‍. ഫീച്ചര്‍ സമ്പന്നമായ അകത്തളവും പ്രീമിയം എസ്യുവികളോട് കിടപിടിക്കുന്ന തലയെടുപ്പും വെന്യുവിനെ ഏറെ ജനപ്രിയമാക്കി മാറ്റിയിട്ടുണ്ട്.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസല്‍ എന്‍ജിന്‍ ശേഷി 1.5 ലിറ്ററായി ഉയര്‍ത്തി. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മൊത്ത വില്‍പ്പനയുടെ 44 ശതമാനവും ഈ വാഹനത്തിനാണ്.

Top