ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഹ്യുണ്ടായി പാലിസേഡ് എസ്യുവി എത്തുന്നു

ഹ്യുണ്ടായിയുടെ ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യമുള്ള പാലിസേഡ് എന്ന ഏഴ് സീറ്റര്‍ എസ്യുവി ഇന്ത്യന്‍ നിരത്തുകളിലേയ്ക്ക്. ഹ്യുണ്ടായിയുടെ ഫ്ളാഗ്ഷിപ്പ് മോഡലായായിരിക്കും പാലിസേഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.

വീതി കുറഞ്ഞ ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, അതിനോട് ചേര്‍ന്നുള്ള എല്‍ഇഡി ഡിആര്‍എല്‍, ഹ്യുണ്ടായി രാജ്യാന്തര നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളിലുള്ള ഗ്രില്ല്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ ആഡംബരമാക്കുന്നത്.പ്രീമിയം വാഹനങ്ങളെ പോലും പിന്നിലാക്കുന്ന സൗകര്യങ്ങളാണ് വാഹനത്തിന്റെ അകത്തളത്തിലുള്ളത്.

മൂന്നാം നിരയില്‍ മറ്റ് എസ്യുവികള്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ സ്പേസ് ഒരുക്കുന്നുണ്ടെന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സാന്റാ ഫേയുടെ ഇന്റീരിയറിലുണ്ടായിരുന്ന മറ്റ് സൗകര്യങ്ങള്‍ ഇതിലും തുടരും. 4980 എംഎം നീളവും 1975 എംഎം വീതിയും 1750 എംഎം ഉയരവും 2900 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

3.8 ലിറ്റര്‍ വി6 ഡയറക്ട് ഇഞ്ചക്ഷന്‍ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളില്‍ പുറത്തിറങ്ങുന്ന പാലിസേഡ് ഏകദേശം 25 ലക്ഷം രൂപ മുതല്‍ 32.5 ലക്ഷം രൂപ വരെയായിരിക്കും എക്‌സ് ഷോറൂം വില .പെട്രോള്‍ എന്‍ജിന്‍ 291 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 200 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

Top