ഹ്യുണ്ടേയ് N-ലൈന്‍ കാറുകള്‍ ഇന്ത്യയിലേക്ക്!

സാധാരണക്കാരന് പറ്റിയ കാറുകള്‍ വില്‍ക്കുന്ന വാഹന നിര്‍മാതാവ് എന്നാണ് ഹ്യുണ്ടേയ് ബ്രാന്‍ഡിന് ഇന്ത്യയിലുള്ള പ്രതിച്ഛായ. എന്നാല്‍ ആഗോള വിപണിയില്‍ ഇതല്ല ഹ്യുണ്ടേയ്. വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം ടീമുമായി മത്സരിക്കുന്ന ഒരു വാഹന നിര്‍മ്മാതാവാണ് ഹ്യുണ്ടേയ്. രാജ്യത്ത് ഹ്യുണ്ടേയ് വില്‍ക്കുന്ന i20യെ കാര്യമായി അഴിച്ചുപണിതാണ് റാലിയിങ് രംഗത്തെ ഏറ്റവും പ്രാധാന്യമുള്ള വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പില്‍ ഹ്യുണ്ടേയ് പങ്കെടുക്കുന്നത്.

ഇതിനായി ഒരു N എന്ന പേരില്‍ ഒരു ഉപവിഭാഗം തന്നെ ഹ്യുണ്ടേയ് 2016ല്‍ സ്ഥാപിച്ചു. റാലിയില്‍ തങ്ങള്‍ നേടിയ അറിവുകള്‍ ഉപയോഗപ്പെടുത്തി ഹ്യുണ്ടേയ് തങ്ങളുടെ പല കാറുകളുടെയും N പതിപ്പ് പുറത്തിറക്കുന്നുണ്ട്. പെര്‍ഫോമന്‍സ് മുഖ്യഘടകമായി തയ്യാറാക്കുന്ന
N ഡിവിഷന്‍ കാറുകള്‍ ഒടുവില്‍ ഇന്ത്യയിലും അവതരിപ്പിക്കുക്കയാണ് ഹ്യുണ്ടേയ്. ഈ വര്‍ഷം തന്നെ ഇത്തരം കാറുകള്‍ ഇന്ത്യയിലെത്തും എന്ന് ഹ്യുണ്ടേയ് വ്യക്തമാക്കി. പക്ഷെ N-ലൈന്‍ കാറുകളാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക.

120 എച്പി പവര്‍ നിര്‍മിക്കുന്ന .0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുക. ഒപ്പം സ്‌പോര്‍ട്ടിയായ എക്സ്ഹോസ്റ്റും സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും അല്പം വ്യത്യസ്തമായ സസ്പെന്‍ഷനും i20 N-ലൈനില്‍ ഇടം പിടിക്കും. സ്പോര്‍ട്ടി ലുക്കില്‍ റീഡിസൈന്‍ ചെയ്ത ബമ്പറുകള്‍, വ്യത്യസ്തമായ ഗ്രില്‍, സൈഡ് സ്‌കര്‍ട്ടുകള്‍, റിയര്‍ ഡിഫ്യൂസര്‍, ട്വിന്‍-എക്സ്ഹോസ്റ്റ് പൈപ്പുകള്‍, വലിപ്പം കൂടിയ ചക്രങ്ങള്‍, കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ എന്നിവ i20 N-ലൈന്‍ പതിപ്പില്‍ പ്രതീക്ഷിക്കാം. ഇന്റീരിയറില്‍ N ബാഡ്ജിംഗും, സ്‌പോര്‍ട്ട് ഫ്രണ്ട് സീറ്റുകള്‍, ഫ്‌ളാറ്റ്‌ബോട്ടം സ്റ്റിയറിംഗ് വീല്‍, മെറ്റല്‍ പെഡലുകള്‍, N-ബ്രാന്‍ഡഡ് ലെതര്‍ ഗിയര്‍ നോബ് എന്നിവ പ്രതീക്ഷിക്കാം.

 

Top