കോനയ്ക്ക് വന്‍ സ്വീകാര്യത; പത്തു ദിവസം കൊണ്ട് 120 ബുക്കിങ്

ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ വൈദ്യുത വാഹനമായ കോനയെ തേടി ഇതുവരെ 120 ബുക്കിങ്ങുകള്‍. കഴിഞ്ഞ ഒന്‍പതിന് അരങ്ങേറ്റം കുറിച്ച വൈദ്യുത സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ (എസ്‌യുവി) കോന രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പ്പനയ്‌ക്കെത്തുക. ആദ്യ 10 ദിവസത്തിനിടെ ഓരോ നഗരത്തിലും ശരാശരി പത്തോളം ബുക്കിങ്ങുകള്‍ സ്വന്തമാക്കാന്‍ കോനയ്ക്കു സാധിച്ചെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിവുള്ള, മലിനീകരണ വിമുക്തമായ എസ്‌യുവിയായ കോനയ്ക്ക് ഇന്ത്യയില്‍ തകര്‍പ്പന്‍ തുടക്കമാണു ലഭിച്ചതെന്നാണ് എച്ച്എംഐഎല്‍ വില്‍പ്പന വിഭാഗം മേധാവി വികാസ് ജെയിനിന്റെ വിലയിരുത്തല്‍. അരങ്ങേറി 10 നാളിനകം 120 ബുക്കിങ്ങുകള്‍ കോനയെ തേടിയെത്തിയത് ഹ്യുണ്ടേയ് അവതരിപ്പിച്ച അത്യാധുനിക സാങ്കേതികവിദ്യയില്‍ ഇന്ത്യന്‍ ഉപയോക്താവിനുള്ള വിശ്വാസമാണു തെളിയിക്കുന്നത്.

പ്രാരംഭ ആനുകൂല്യമെന്ന നിലയില്‍ 25.30 ലക്ഷം രൂപയാണു കോനയ്ക്ക് ഇന്ത്യയില്‍ ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ വൈദ്യുത വാഹനങ്ങള്‍ക്കു പ്രഖ്യാപിച്ച ജിഎസ്ടി ഇളവ് ലഭിച്ചാല്‍ കാര്‍ വില 1.40 ലക്ഷം രൂപ കുറയാനു സാധ്യതയുണ്ട്. കോന എത്തുന്നത് 39.2 കിലോവാട്ട് അവര്‍ ലിഥിയം അയോണ്‍ ബാറ്ററി പായ്ക്ക് സഹിതമാണ്. 136 ബിഎച്ച്പിയോളം കരുത്തും 395 എന്‍എം ടോര്‍ക്കുമാണ് ഈ പവര്‍ ട്രെയ്ന്‍ സൃഷ്ടിക്കുക. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ഓടാന്‍ പ്രാപ്തിയുള്ള കോനയ്ക്ക് 9.7 സെക്കന്‍ഡിനകം നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവുമെന്നും ഹ്യുണ്ടേയ് അവകാശപ്പെടുന്നു.

Top