ഹ്യൂണ്ടായി വെന്യൂവിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യത

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ഇന്ത്യയുടെ ജനപ്രിയ സബ് കോംപാക്റ്റ് എസ്‌യുവി ആയ വെന്യൂവിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വെന്യു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിദേശത്ത് പരീക്ഷണത്തില്‍ ആണെന്നും അടുത്ത വർഷം രാജ്യത്ത് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കുമ്പോൾ വെന്യൂവിന്റെ എൻ-ലൈൻ പതിപ്പും ഹ്യൂണ്ടായ് ഉൾപ്പെടുത്തിയേക്കാം എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓട്ടോസ്‌പി പുറത്തുവിട്ട സ്‌പൈ ഷോട്ടുകൾ, എസ്‌യുവിയുടെ പൂർണ്ണമായും പരിഷ്‌കരിച്ച പിൻഭാഗം കാണിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിൽ പുതുതായി രൂപകൽപ്പന ചെയ്‌ത ടെയിൽഗേറ്റ്, പുതിയ ബമ്പർ, പുനർരൂപകൽപ്പന ചെയ്‌ത ടെയിൽലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ക്രോം പൂശിയ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും സ്പൈ ഷോട്ടുകളിൽ കാണുന്ന അലോയ് വീലുകളും വെന്യുവിന്‍റെ എൻ-ലൈൻ പതിപ്പും ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകുന്നു. ഹ്യുണ്ടായിയിൽ നിന്നുള്ള എൻ-ലൈൻ മോഡലുകളിൽ ഈ സവിശേഷതകൾ കാണാം. കഴിഞ്ഞ വർഷം i20 N-Line അവതരിപ്പിച്ചു കൊണ്ടാണ് ആദ്യത്തെ എന്‍ – ലൈന്‍ മോഡൽ ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻഭാഗം പുനർരൂപകൽപ്പന ചെയ്‍ത ഗ്രിൽ, പുനർരൂപകൽപ്പന ചെയ്‍ത ബമ്പർ, കൂടാതെ പുതിയ ഹെഡ്‌ലൈറ്റുകൾ എന്നിവയുമായി വരാൻ സാധ്യതയുണ്ട്. പുതിയ തലമുറ വെന്യുവിന്‍റെ ക്യാബിനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്റീരിയർ കളർ തീം, സീറ്റുകൾക്കുള്ള പുതിയ മെറ്റീരിയലുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയ്‌ക്കൊപ്പം വെന്യൂ സബ്-കോംപാക്റ്റ് എസ്‌യുവിയുടെ ക്യാബിന് ചില കോസ്‌മെറ്റിക് മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വെന്യൂ ഫെയ്‌സ്‌ലിഫ്റ്റ് കൂടുതൽ സവിശേഷതകളുമായി വരാം.

നിലവിലെ മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന അതേ പവർട്രെയിൻ ഹ്യുണ്ടായ് തുടരാനാണ് സാധ്യത. 82 എച്ച്‌പി പവറും 115 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വെന്യു വരുന്നത്. 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്‍ഡ് ജിഡിഐ പെട്രോൾ എഞ്ചിനും വാഹനത്തില്‍ ഉണ്ട്. ഈ എഞ്ചിന്‍ പരമാവധി 118 എച്ച്പിയും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6-സ്പീഡ് iMT ക്ലച്ച്‌ലെസ് ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ എന്നീ ഓപ്ഷനുകളോടെയാണ് നിലവില്‍ വാഹനം എത്തുന്നത്.

Top