എക്സ്റ്ററിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഹ്യുണ്ടേയ് ഇന്ത്യ

വിപണിയിലെത്താന്‍ ഒരുങ്ങവേ ഹ്യുണ്ടേയ് എക്സ്റ്ററിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഹ്യുണ്ടേയ് ഇന്ത്യ. ഓള്‍ ബ്ലാക് തീമിലുള്ള ഇന്റീരിയറിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. 4.2 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിന്. 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും നല്‍കിയിരിക്കുന്നു. ഗ്രാന്‍ഡ് ഐ10 നിയോസ്, ഹ്യുണ്ടേയ് ഓറ തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള ഇന്റീരിയര്‍ ഡിസൈനാണ് കാറിന്.

ഇരുവശങ്ങളിലേയും എസി വെന്റുകള്‍ക്ക് റോട്ടറി സ്‌റ്റൈലാണ്. ഹ്യുണ്ടേയ്‌യുടെ കണക്റ്റഡ് കാര്‍ ടെക്കുമായി എത്തുന്ന വാഹനത്തിന് ഓവര്‍ ദ എയര്‍ അപ്‌ഡേറ്റും ലഭിക്കും. ഉയര്‍ന്ന വകഭേദത്തിന് ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇന്‍ബില്‍റ്റ് നാവിഗേഷന്‍, സണ്‍റൂഫ് എന്നിവയുണ്ട്.

എക്സ്റ്ററിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ ഹ്യുണ്ടേയ് തിരഞ്ഞെടുത്തിരുന്നു. സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകളുമായി ഹ്യുണ്ടേയ് എക്സ്റ്റര്‍ ജൂലൈ ആദ്യം വിപണിയിലെത്തും. ഹ്യുണ്ടേയ് നിരയില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയായിക്കും എക്സ്റ്റര്‍. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷ എക്സ്റ്റര്‍ നല്‍കും. ഇത് സെഗ്മെന്റില്‍ മറ്റെങ്ങുമില്ല.

ഡ്രൈവര്‍, പാസഞ്ചര്‍, കര്‍ട്ടന്‍, സൈഡ് എയര്‍ബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകള്‍ക്കും ലഭിക്കുക. എഎസ്സി, വെഹിക്കിള്‍ സ്റ്റബിലിറ്റ് മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് ആന്‍ഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ് വിത്ത് ഇബിഡി, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്‌യുവിക്ക് ഹ്യുണ്ടേയ് നല്‍കുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകള്‍ക്ക് ഓപ്ഷനായിട്ടാണ് ഇവ നല്‍കുന്നത്.

കൂടാതെ സെഗ്മെന്റില്‍ തന്നെ ആദ്യമായി ഡാഷ്‌ക്യാം വിത്ത് ഡ്യുവല്‍ ക്യാമറ, ടിപിഎംഎസ്, ഐഎസ്ഒഎഫ്‌ഐഎക്‌സ്, ഹെഡ്ലാംപ് എസ്‌കോര്‍ട്ട് ഫങ്ഷന്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങി 40 ല്‍ അധികം അഡ്വാന്‍സ്ഡ് സുരക്ഷാ സംവിധാനങ്ങളും എക്സ്റ്ററിലുണ്ട്. നേരത്തേ എക്സ്റ്ററിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു.

1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. കൂടാതെ സിഎന്‍ജിന്‍ എന്‍ജുമുണ്ടാകും. ഇഎക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 3.8 മീറ്റര്‍ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്.

ഹ്യുണ്ടേയ് വാഹനങ്ങളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം മുന്‍ഭാഗമാണ് എക്സ്റ്ററിന്. ഹ്യുണ്ടേയ് സെന്‍സ്യസ് സ്‌പോര്‍ട്ടിനെസ് എന്ന ഡിസൈന്‍ ഭാഷ്യത്തിലാണ് നിര്‍മാണം. സ്ലിറ്റ് ഹെഡ്‌ലാംപ്, എച്ച് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവയുണ്ട്. വെന്യു, ക്രേറ്റ, അല്‍കസാര്‍ എന്നീ വാഹനങ്ങളെക്കാള്‍ എക്സ്റ്ററിന്റെ മുന്‍ഭാഗത്തിന് സാമ്യം അയോണിക് 5 മോഡലുമായിട്ടാണ്. എച്ച് ആകൃതിയിലുള്ള ടെയ്ല്‍ ലാംപും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റും എ, ബി പില്ലറുകളും വാഹനത്തിനുണ്ട്.

എക്സ്റ്ററിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു. ജൂലൈ ആദ്യം മൈക്രോ എസ്യുവിയുടെ വില പ്രഖ്യാപിക്കും. ഓഗസ്റ്റ് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്നാണ് കരുതന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്കു കയറ്റുമതി ചെയ്യാനാണ് പദ്ധതി. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും എക്സ്റ്ററിനും. ഹ്യുണ്ടേയ് വെന്യു, വെന്യു എന്‍ലൈന്‍, ക്രേറ്റ, അല്‍കസാര്‍, കോന ഇലക്ട്രിക്, ട്യൂസോണ്‍, അയോണിക് 5 എന്നീ എസ്‌യുവികളുടെ നിരയിലേക്ക് എട്ടാമത്തെ മോഡലായാണ് മൈക്രോ എസ്‌യുവി എക്സ്റ്റര്‍ എത്തുന്നത്.

 

Top