ഹ്യൂണ്ടായി ഗ്രാന്റ് ഐ10 നിയോസ് നാളെ മുതല്‍ വിപണിയില്‍ എത്തും

ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് മോഡലായിരുന്ന ഗ്രാന്റ് ഐ10-ന്റെ രണ്ടാം തലമുറ മോഡല്‍ ഗ്രാന്റ് ഐ10 നിയോസ് അവതരണത്തിന് മുമ്പായി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. വാഹനം നാളെ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും.

ചെറുഹാച്ച് ബാക്കായ നിയോസിന്റെ ആദ്യ കാര്‍ ഹ്യുണ്ടായ്യുടെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റില്‍ നിന്നും പുറത്തിറക്കിയതായാണ് വിവരം. വാഹനപ്രേമികളെ ആകര്‍ഷിക്കാനായി ‘ദ അത്ലറ്റിക് മിലേനിയല്‍’ എന്ന ടാഗ് ലൈനോടെയാണ് വാഹനം പുറത്തിറക്കുന്നത്.

ഗ്രാന്‍ഡ് ഐ- 10 നെ പിന്‍വലിക്കാതെയാണ് നിയോസ് എന്ന പേരില്‍ മൂന്നാം തലമുറ ഐ- 10 ഹ്യുണ്ടായ് പുറത്തിറക്കുന്നത്. ഹെക്‌സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകല്‍പ്പനയിലെ പുതുമകളാണ് പുതിയ ഗ്രാന്‍ഡ് ഐ- 10 നെ വ്യത്യസ്ഥമാക്കുന്നത്.

ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടും ഗ്രാന്‍ഡ് ഐ- 10ല്‍ ക്രമീകരിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ ആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍ സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഹ്യുണ്ടായിയുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്‌നോളജിയും ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കാം.

Top