പുത്തന്‍ ഫീച്ചറുകളുമായി ഹ്യുണ്ടായി എലാന്‍ട്ര വിപണിയിലേക്ക്

കാറുകളില്‍ അത്യാധുനിക ഫീച്ചറുകള്‍ നല്‍കുന്ന കാര്യത്തില്‍ ഏറെ മുന്‍പന്തിയിലുള്ള കമ്പനിയാണ് ഹ്യുണ്ടായി. വാഹനത്തില്‍ തന്നെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് വീണ്ടുമെത്തിക്കുകയാണ് ഹ്യുണ്ടായി. എലാന്‍ട്രയുടെ ടോപ്പ് എന്‍ഡ് മോഡലായ എസ്എക്‌സ് ഓട്ടോമാറ്റിക് വേരിയന്റാണ് കൂടുതല്‍ സൗകര്യങ്ങളുമായെത്തുന്നത്.

മുന്നില്‍ പാര്‍ക്കിങ് സെന്‍സര്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, സ്ലൈഡിങ് ആംറെസ്റ്റ്, ഓട്ടോ ലിങ്ക് കണക്ടിവിറ്റി എന്നീ സംവിധാനങ്ങളാണ് പുതുതായി എലാന്‍ട്രയില്‍ അവതരിപ്പിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിലെ പാര്‍ക്കിങിന് മുന്നിലെ സെന്‍സര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

മറ്റ് മാറ്റങ്ങളൊന്നും വാഹനത്തില്‍ നല്‍കിയിട്ടില്ല. യുറോപ്യന്‍ സ്‌റ്റൈല്‍ ഡിസൈനിങ്ങാണ് എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ളത്. ബോഡിയില്‍ 53 ശതമാനത്തോളം അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത്ത് സ്റ്റീല്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ശക്തമായ സുരക്ഷയും എലാന്‍ട്ര ഉറപ്പ് നല്‍കുന്നു.

ആറ് സ്പീഡ് ഓട്ടോമാറ്റിക്/ മാനുവല്‍ ഗിയര്‍ബോക്‌സില്‍ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് എലാന്‍ട്രയിലുള്ളത്. നോര്‍മ്മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നീ മൂന്ന് മോഡ് ഡ്രൈവുകളും എലാന്‍ട്രയില്‍ നല്‍കിയിട്ടുണ്ട്.

Top