ചെറു വൈദ്യുത കാര്‍ വികസിപ്പിക്കാനൊരുങ്ങി ഹ്യൂണ്ടായ്

ന്ത്യയില്‍ ചെറു വൈദ്യുത കാര്‍ വികസിപ്പിക്കാനുള്ള ആലോചനയുമായി ഹ്യൂണ്ടായ്. കമ്പനിയുടെ ഇലക്ട്രാണിക് എസ്.യു.വിയായ കോനയിലൂടെ വൈദ്യുത വാഹനരംഗത്തെ മികവു തെളിയിച്ച ഹ്യൂണ്ടായ് 2025 ആകുമ്പോഴേക്ക് ആഗോളതലത്തില്‍ 25 വൈദ്യുത വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നീങ്ങുന്നത്.

വൈദ്യുത വാഹന വിഭാഗത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രാദേശികമായി ബാറ്ററി നിര്‍മാണം തുടങ്ങാനുള്ള സാധ്യതയും എച്ച്എംഐഎല്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ പരിമിതമായ തോതില്‍ വില്‍പ്പന തുടങ്ങിയ കോന ഇന്ത്യയില്‍ മികച്ച പ്രതികരണമാണു സൃഷ്ടിക്കുന്നതെന്നും ഹ്യൂണ്ടായ് കരുതുന്നു.

ജൂണില്‍ തിരഞ്ഞെടുത്ത 11 ഇന്ത്യന്‍ നഗരങ്ങളിലെ 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണു ഹ്യൂണ്ടായ് കോന വില്‍പനയ്ക്കു തുടക്കമിട്ടത്. ആദ്യ മാസം 25 യൂണിറ്റായിരുന്നു ഷോറൂമുകളിലെത്തിച്ചതും. ജൂലൈയിലാവട്ടെ 17 കോന മാത്രമാണു ഡീലര്‍ഷിപ്പുകളിലെത്തിയത്. എന്നാല്‍ ഓഗസ്റ്റില്‍ 88 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ കമ്പനിക്കായി. ഇതോടെ മൂന്നു മാസത്തിനകം വാഹനത്തിന്റെ വില്‍പ്പന 130 യൂണിറ്റിലെത്തിയിട്ടുണ്ട്.

അവതരണ വേളയില്‍ 25.30 ലക്ഷം രൂപയായിരുന്നു കോനയുടെ ഷോറൂം വില. എന്നാല്‍ വൈദ്യുത വാഹനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി നിരക്കില്‍ ഇളവ് അനുവദിച്ചതോടെ കാറിന്റെ വില 23.71 ലക്ഷം രൂപയായി കുറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ ജിഎസ്ടി നിലവിലുള്ള 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചതോടെ കോന വിലയില്‍ 1.59 ലക്ഷം രൂപയുടെ ആനുകൂല്യമാണു ലഭിച്ചത്.

തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും സ്വന്തമായി വൈദ്യുത വാഹന നയം പ്രഖ്യാപിക്കുകയും കോന പോലുള്ള മോഡലുകള്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് നികുതി നിരക്കില്‍ 100 ശതമാനം ഇളവടക്കമുള്ള സൗജന്യങ്ങളാണു ‘കോന’യെയും മറ്റും കാത്തിരിക്കുന്നത്. ഇത്തരത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായതോടെ വരും മാസങ്ങളില്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്നാണ് കമ്പനി കരുതുന്നത്.

Top