പുതിയ ഹ്യൂണ്ടായി ക്രെറ്റ എൻ-ലൈൻ ഇന്ത്യയിലേക്ക് വരുമോ?

ടുത്തിടെ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് പുതിയ ക്രെറ്റ എൻ-ലൈൻ എസ്‌യുവി അകത്തും പുറത്തും സ്‌പോർട്ടി ഘടകങ്ങൾ അവതരിപ്പിച്ചിരുന്നു. ആഗോള ഹ്യൂണ്ടായ് എൻ-ലൈൻ ശ്രേണിയിൽ കണ്ടതുപോലെ ചെറിയ മെക്കാനിക്കൽ നവീകരണങ്ങളും നടത്തിയിട്ടുണ്ട്. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഡാർക്ക് ക്രോം ട്രീറ്റ്‌മെന്റും അതിനു മുകളിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന വെൻറും ഉള്ള ഒരു പുതിയ പാരാമെട്രിക് ഗ്രില്ലാണ് മോഡലിൽ ഉള്ളത്. ഫ്രണ്ട് ബമ്പറിന് സാധാരണ മോഡലിനേക്കാൾ ഉയരമുണ്ട്. ഇതിന് വലിയ എയർ-ഇൻടേക്ക് ഉണ്ട്.

പുതുതായി രൂപകൽപന ചെയ്‍ത ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പുകളും ഫ്രണ്ട് ഫെൻഡറിലെ ‘ക്രേറ്റ എൻ ലൈൻ’ ബാഡ്‍ജും അതിൻറെ പോർട്ട്‌ഫോളിയോയിൽ കൂടുതൽ വ്യത്യാസം കാണിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ സാധാരണ മോഡലിന് സമാനമാണ്. പുതിയ സൈഡ് സ്‍കർട്ടുകൾ, പുതുതായി രൂപകൽപന ചെയ്‍ത 17 ഇഞ്ച് അലോയി വീലുകൾ, വിൻഡോ ലൈനിലെ ഇരുണ്ട ഭാഗങ്ങൾ എന്നിവ അതിന്റെ സൈഡ് പ്രൊഫൈലിനെ വ്യത്യസ്‍തമാക്കുന്നു. പുതിയ ക്രെറ്റ എൻ-ലൈനിൽ ഫോക്സ് ഡിഫ്യൂസർ, എൻ ലൈൻ സിഗ്നേച്ചർ, പിൻഭാഗത്ത് ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവയും ഉൾപ്പെടുന്നു.

ക്യാബിനിനുള്ളിൽ, പുതിയ ഹ്യുണ്ടായ് ക്രെറ്റ എൻ-ലൈനിന് എൻ ലൈൻ തീം ഗിയർ നോബും സ്റ്റിയറിംഗ് വീലും അപ്ഹോൾസ്റ്ററിയിൽ സ്പോർട്ടി റെഡ് സ്റ്റിച്ചിംഗും സീറ്റുകളിൽ ബാഡ്‌ജിംഗും ഉണ്ട്. ഇതിന്റെ ബാക്കി സവിശേഷതകൾ സാധാരണ ക്രെറ്റയ്ക്ക് സമാനമാണ്. ആഗോള വിപണിയിൽ, ഹ്യുണ്ടായ് ക്രെറ്റ എൻ ലൈനിൽ 118 ബിഎച്ച്‌പി കരുത്തേകുന്ന 1.0ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വരുന്നത്. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കാർ നിർമ്മാതാവ് അതിന്റെ സസ്പെൻഷൻ സജ്ജീകരണവും ട്യൂൺ ചെയ്യും.

നിലവിൽ, അതിന്റെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നുമില്ല. എന്നിരുന്നാലും, 2023-ന്റെ തുടക്കത്തിൽ വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഇത് ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 138 ബിഎച്ച്‌പിയുടെ പീക്ക് പവർ പുറപ്പെടുവിക്കുന്ന 1.4 എൽ ടർബോ പെട്രോൾ എഞ്ചിൻ ഇന്ത്യയിൽ ഈ എസ്‌യുവിക്ക് നൽകിയേക്കാം. ഇത് കിയ സെൽറ്റോസ് ജിടി-ലൈനിനെയും എംജി ഹെക്ടറിന്റെയും ടാറ്റ ഹാരിയറിന്റെയും ഉയർന്ന വേരിയന്റുകളേയും നേരിടും. സാധാരണ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രെറ്റ എൻ-ലൈനിന് തീർച്ചയായും വില കൂടുതലായിരിക്കും.

Top