ക്രെറ്റയുടെ ഹൃദയം മാറ്റാൻ ഹ്യുണ്ടായി, കിട്ടുക 452 കിമി മൈലേജും മോഹവിലയും!

ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) ഉൽപ്പന്ന ശ്രേണി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിൽ 4,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. എസ്‌യുവി ഉൾപ്പെടെ വ്യത്യസ്‌ത ബോഡി സ്‌റ്റൈലുകളിൽ ആറ് പുതിയ ബിഇവികൾ ഇന്ത്യയില്‍ പുറത്തിറക്കാനുള്ള പദ്ധതി കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട് . അടുത്തിടെ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടായിയില്‍ നിന്നുള്ള അടുത്ത ഇവി ക്രെറ്റ ഇലക്ട്രിക് എസ്‌യുവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. SU2i ഇവി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് രാജ്യത്ത് ആദ്യമായി പരീക്ഷണം നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്റ്റ് മോഡലിനെ ഗ്രേ ഷേഡിൽ പെയിന്റ് ചെയ്‍ത സെമി-കാമഫ്ലാജ് ചെയ്‍തിരുന്നു. എങ്കിലും ഫ്ലോർ പാൻ വിപുലീകരണവും വ്യത്യസ്‍ത ബോഡി പാനൽ നിറങ്ങളും കാണാൻ സാധിക്കും. ഇതിന്റെ മിക്ക ഡിസൈനും സ്റ്റൈലിംഗ് ഘടകങ്ങളും സാധാരണ മോഡലിന് സമാനമാണ്. നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിലായിരിക്കും പുതിയ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.

ഇലക്ട്രിക്ക് ക്രെറ്റയുടെ ബാറ്ററി പാക്കിനെയും ശ്രേണിയെയും കുറിച്ച് നിലവിൽ ഒരു വിവരവുമില്ല. ക്രെറ്റ ഇവിയുടെ പവർട്രെയിൻ കോന ഇവിയിൽ നിന്നുള്ളതിനെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് അഭ്യൂഹമുണ്ട്. 136 ബിഎച്ച്പിയും 395 എൻഎം പവറും നൽകുന്ന സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായിട്ടാണ് ഈ എഞ്ചിൻ വരുന്നത്. ഇതിന് 39.2kWh ലിഥിയം-അയൺ ബാറ്ററിയുണ്ട്. ARAI-റേറ്റുചെയ്‍ത 452 കിമി റേഞ്ചും ഈ മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് ഇപ്പോൾ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്. 2025 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 അവസാനത്തോടെ ഇത് നിർമ്മാണത്തിലേക്ക് പ്രവേശിച്ചേക്കാം. ലോഞ്ച് ചെയ്യുമ്പോൾ, വരാനിരിക്കുന്ന മാരുതി സുസുക്കി YY8 ഇവിയുമായി ക്രെറ്റ ഇവി നേരിട്ട് മത്സരിക്കും . മഹീന്ദ്രയുടെയും ടാറ്റയുടെയും വരാനിരിക്കുന്ന ഇടത്തരം എസ്‌യുവികൾക്കെതിരെയും ഇത് മത്സരിക്കും. വാർഷിക അടിസ്ഥാനത്തിൽ 20,000 മുതൽ 25,000 യൂണിറ്റ് ഇലക്ട്രിക് ക്രെറ്റ വിപണനം ചെയ്യാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.

വാഹനത്തിന്‍റെ വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ എൻട്രി ലെവൽ വേരിയന്റിന് 15 ലക്ഷം രൂപയ്‌ക്ക് ഇടയിൽ വില വരും. പൂർണ്ണമായി പായ്ക്ക് ചെയ്‍ത വേരിയന്റിന് 30 ലക്ഷം രൂപയോളം വില വരും. ഇലക്ട്രിക്ക് ക്രെറ്റയുടെ നിർമ്മാണത്തിനായി ഹ്യുണ്ടായി തങ്ങളുടെ ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്റ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 1,472 കോടി രൂപ മുതൽമുടക്കിൽ 8.5 ലക്ഷം യൂണിറ്റുകൾ വരെ ഉൽപ്പാദന ശേഷി വിപുലീകരിക്കാനാണ് ഹ്യൂണ്ടായി പദ്ധതിയിടുന്നത്.

Top