ഹ്യുണ്ടായി ട്യൂസോണ്‍ പുതിയ രൂപത്തില്‍; മെയ് മാസത്തില്‍ ഇന്ത്യയിലെത്തും

ഹ്യുണ്ടായിയുടെ വാഹനങ്ങളില്‍ രണ്ടാം സ്ഥാനകാരനായ ട്യൂസോണ്‍ വീണ്ടും പുതിയ രൂപത്തില്‍. വിദേശ നിരത്തുകളില്‍ ഓട്ടം ആരംഭിച്ച് കഴിഞ്ഞ ട്യൂസോണ്‍ അടുത്ത മെയ് മാസമെത്തില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി അവതരിപ്പിച്ച ഈ വാഹനം കൂടുതല്‍ സൗകര്യങ്ങളോടെയാണ് വീണ്ടുമെത്തുന്നത്. പുറം മോടിയില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും സൗകര്യങ്ങളും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഹെഡ്‌ലൈറ്റ് പൂര്‍ണമായും എല്‍ഇഡി ആയിട്ടുണ്ട്. ക്രോമിയം സ്ലാറ്റുകള്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ഫോഗ് ലാമ്പ് എന്നിവയ്‌ക്കൊപ്പം ബമ്പറിലെ സ്‌കിഡ് പ്ലേറ്റുമാണ് മുന്‍വശത്തെ പുതിയ പ്രത്യേകതകള്‍.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളോടെ പുതുതായെത്തുന്ന എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ക്യാബിന് ആഡംബരഭാവം പകരുന്നുണ്ട്. 360 ഡിഗ്രി ക്യാമറ, പുതിയ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും പുതുമകളാണ്.

മെക്കാനിക്കലായുള്ള മാറ്റങ്ങള്‍ക്ക് കമ്പനി മുതിര്‍ന്നിട്ടില്ല. ആറ് സ്പീഡ് ഒട്ടോമാറ്റിക്/ മാനുവല്‍ ഗിയര്‍ ബോക്‌സുകളില്‍ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനാണ് ട്യൂസോണില്‍ ഒരുക്കിയിട്ടുള്ളത്. ഡീസല്‍ എന്‍ജിന്‍ 185 എച്ച്പി കരുത്തും പെട്രോള്‍ എന്‍ജിന്‍ 155 എച്ച്പി കരുത്തും ഉത്പാദിപ്പിക്കും.

ഓട്ടോണമസ് ബ്രേക്കിങ് ഉള്‍പ്പെടെ ശക്തമായ സുരക്ഷയാണ് ട്യൂസോണില്‍ ഒരുക്കുന്നത്. വെഹിക്കില്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഡൗണ്‍ ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഇ.എസ്.സി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്.

ഇന്ത്യയില്‍ നിരത്തുകളില്‍ ജീപ്പ് കോംപസായിരിക്കും ട്യൂസോണിന്റെ പ്രധാന എതിരാളി.ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, സ്‌കോഡ കോഡിയാക് എന്നീ എസ്‌യുവികളും എതിരാളികളുടെ പട്ടികയിലുണ്ട്.

Top