ഉപയോക്താക്കള്‍ക്കായി ഇഎംഐ അഷൂറന്‍സ് സംവിധാനം ഒരുക്കി ഹ്യുണ്ടായി

ലോക്ക്ഡൗണ്‍ കാരണം വാഹനലോണിന്റെ ഇഎംഐ മുടങ്ങുന്നതിലെ ആശങ്ക ഒഴിവാക്കുന്നതിനായി ഉപയോക്താക്കള്‍ക്കായി ഇഎംഐ അഷൂറന്‍സ് സംവിധാനം ഒരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി.

ഈ പദ്ധതി അനുസരിച്ച് മൂന്നുമാസം വരെ വാഹനത്തിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്‍ നിന്ന് രക്ഷപ്പെടാനാകും. ലോണെടുത്ത് വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഏറെ ഗുണപ്രദമായ നടപടിയാണിതെന്നാണ് ഹ്യുണ്ടായി പറയുന്നത്. പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളിലും ദിവസവേതന അടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്ന ആളുകള്‍ക്കായിരിക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യുകയെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തല്‍.

ഹ്യുണ്ടായിയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് ഈ ആനുകൂല്യം ഒരുക്കുന്നത്. മേയ് 20 വരെ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ഉറപ്പാക്കുമെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. വാഹനം വാങ്ങി ഒരു വര്‍ഷം വരെയാണ് ഹ്യുണ്ടായിയുടെ ഇഎംഐ അഷൂറന്‍സ് പദ്ധതി ലഭ്യമാക്കുന്നതെന്നും ഹ്യുണ്ടായി മോട്ടോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഹ്യുണ്ടായിയുടെ ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രീന്‍, ഓറഞ്ച് സോണുകളിലാണ് ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

Top