ഹ്യുണ്ടായി Ai3 സബ്‌കോംപാക്റ്റ് എസ്‌യുവി ഉടനെത്തും

ദക്ഷിണ കൊറിയയിൽ അടുത്തിടെ പരീക്ഷണത്തിനിടെ കണ്ടെത്തിയ ഒരു പുതിയ സബ് കോംപാക്റ്റ് എസ്‌യുവിയുടെ നിർമ്മാണത്തിലാണ് ഹ്യുണ്ടായ്. കമ്പനിയുടെ ആഭ്യന്തര മാർക്കറ്റിൽ വിൽപ്പനയ്‌ക്കെത്തുന്ന കാസ്‌പർ മൈക്രോ എസ്‌യുവിയേക്കാൾ വലുതായി ഈ പരീക്ഷണ മോഡൽ കാണപ്പെടുന്നു. ഈ മോഡൽ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍. ആന്തരികമായി Ai3 എന്ന കോഡുനാമത്തില്‍ എത്തുന്ന പുതിയ സബ്കോംപാക്റ്റ് എസ്‌യുവി ഹ്യുണ്ടായ് ഇന്ത്യ ലൈനപ്പിലെ വെന്യുവിന് താഴെയായിട്ടായിരിക്കും സ്ഥാനം പിടിക്കുക. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയായ ഹ്യുണ്ടായ് എഐ3-യെ കുറിച്ച് ഇതുവരെ അറിയാവുന്ന ചില കാര്യങ്ങൾ ഇതാ.

ഗ്രാൻഡ് ഐ10 നിയോസ് പ്ലാറ്റ്ഫോം (K1 പ്ലാറ്റ്ഫോം)
പുതിയ ഹ്യുണ്ടായ് എഐ3 മൈക്രോ എസ്‌യുവി ബ്രാൻഡിന്റെ ചെറുകാർ കെ1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് സാൻട്രോ, ഗ്രാൻഡ് ഐ10 നിയോസ്, ഓറ, ഗ്ലോബൽ-സ്പെക്ക് ഹ്യുണ്ടായ് കാസ്‌പർ എന്നിവയ്ക്കും അടിസ്ഥാനമിടുന്നതാണ്. ഈ പ്ലാറ്റ്‌ഫോം 2018-ൽ രണ്ടാം തലമുറ ഹ്യുണ്ടായ് സാൻട്രോയുമായി അവതരിപ്പിച്ചു.  SA പ്ലാറ്റ്‌ഫോമിനും BA പ്ലാറ്റ്‌ഫോമിനും പകരമായിട്ടാണ് ഇതെത്തിയത്. ഈ പ്ലാറ്റ്ഫോം 2,400 എംഎം, 2,450 എംഎം എന്നിങ്ങനെ രണ്ട് വ്യത്യസ്‍ത വീൽബേസ് ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ നിന്ന് സാൻട്രോ നിർത്തലാക്കിയതിനാൽ, വിപണിയിലെ ഗ്രാൻഡ് i10 നിയോസിനൊപ്പം ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായിരിക്കും പുതിയ ഹ്യുണ്ടായ് എഐ3 സബ്‌കോംപാക്റ്റ് എസ്‌യുവി.

പ്രധാന ഫീച്ചറുകൾ
ചോർന്ന വീഡിയോയും വിശദാംശങ്ങളും അനുസരിച്ച്, പുതിയ ഹ്യൂണ്ടായ് എഐ3 ചെറിയ എസ്‌യുവി ക്യാബിനും സവിശേഷതകളും ഗ്രാൻഡ് ഐ10 നിയോസുമായി പങ്കിടും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് ഇത് വരുന്നത്. ഇലക്‌ട്രിക് സൺറൂഫ്, മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി, സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, 6 എയർബാഗുകൾ എന്നിവയും മറ്റു സവിശേഷതകളും ഇതില്‍ ഉൾപ്പെടും.

ഡിസൈൻ വിശദാംശങ്ങൾ
പുതിയ ഹ്യൂണ്ടായ് എഐ3 മൈക്രോ എസ്‌യുവി ഹ്യുണ്ടായ് കാസ്‌പറിൽ നിന്ന് വളരെ വ്യത്യസ്‍തമാണെന്ന് ഏറ്റവും പുതിയ ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ, പുതിയ മോഡലിന് വെന്യു കോംപാക്റ്റ് എസ്‌യുവിയുമായി ഡിസൈൻ സമാനതകള്‍ ഉണ്ടാകും. ഇത് ഒരു മിനി വെന്യു പോലെ കാണപ്പെടുന്നു. ചെറിയ എസ്‌യുവിക്ക് ഒരു സിഗ്നേച്ചർ ഹ്യുണ്ടായ് ഗ്രിൽ ഉണ്ടായിരിക്കും. അത് ഇതിനകം പുതിയ വെന്യുവിൽ കണ്ടിട്ടുള്ളതാണ്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റ്, വ്യത്യസ്‍ത ശൈലിയിലുള്ള പിൻ എച്ച് ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവയുണ്ടാകും. പിൻവശത്തെ ഡോർ ഹാൻഡിലുകൾ പരമ്പരാഗത സ്ഥലത്ത് സ്ഥാപിക്കും. ഒരു റഫറൻസ് എന്ന നിലയിൽ, കാസ്പറിന് സി-പില്ലർ ഘടിപ്പിച്ച റിയർ ഡോർ ഹാൻഡിലുകളും ഉണ്ട്.

ഹ്യുണ്ടായ് കാസ്‌പർ മൈക്രോ എസ്‌യുവിക്ക് 3595 എംഎം നീളവും 1595 എംഎം വീതിയും 1575 എംഎം ഉയരവും ഉണ്ട്. കൂടാതെ 2400 വീൽബേസും ഉണ്ട്. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് മോഡലിന് ഏകദേശം 3.7 മുതല്‍ 3.8 മീറ്റർ നീളവും നീളമുള്ള വീൽബേസും ഉണ്ടായിരിക്കും.

പുതിയ Ai3 മൈക്രോ എസ്‌യുവി ഗ്രാൻഡ് i10 നിയോസിനൊപ്പം എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 81 bhp കരുത്തും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2L 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് ലഭിക്കുക. കമ്പനി ഇതിന് സിഎൻജി ഓപ്ഷനും നൽകിയേക്കാം. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും ഓഫറിൽ ലഭിക്കും.

പ്രീ-പ്രൊഡക്ഷൻ രൂപത്തിൽ പുതിയ ഹ്യുണ്ടായ് എഐ3 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 അവസാനത്തോടെ ഇത് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്, മിക്കവാറും ദീപാവലിക്ക് മുമ്പുള്ള ഉത്സവ സീസണിൽ മോഡല്‍ എത്തിയേക്കും. പുതിയ മോഡൽ ടാറ്റ പഞ്ചിനോട് നേരിട്ട് മത്സരിക്കും. നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ, വരാനിരിക്കുന്ന മാരുതി ബലേനോ ക്രോസ് എന്നിവയ്ക്കും ഇത് വെല്ലുവിളിയാകും.

Top