ഹൈഡ്രജനില്‍ ഓടുന്ന ലോകത്തെ ആദ്യ ട്രെയിന്‍ ജര്‍മ്മനിയില്‍

ബ്രെമര്‍വോഡോ: ഹൈഡ്രജനില്‍ ഓടുന്ന ലോകത്തെ ആദ്യ ട്രെയിന്‍ ജര്‍മ്മനിയില്‍. ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയിലൂടെയാണ് പുതിയ ഹൈഡ്രജന്‍ ട്രെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫ്രാന്‍സിലെ അതിവേഗ ഇന്റര്‍സിറ്റി റെയില്‍വേ സര്‍വ്വീസായ ടി ജി വിയുടെ നിര്‍മാതാക്കളായ ആള്‍സ്റ്റം നിര്‍മ്മിച്ച രണ്ട് ട്രെയിനുകളാണ് പുറത്തിറക്കിയത്. വടക്കന്‍ ജര്‍മ്മനിയിലെ രണ്ട് നഗരങ്ങളെ വീതം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ രണ്ട് ട്രെയിനുകള്‍ ഓടുന്നത്. 2021 ല്‍ ഇത്തരത്തില്‍ 14 ട്രെയിനുകള്‍ കൂടി ആള്‍സ്റ്റം പുറത്തിറക്കും.

ഹൈഡ്രജന്റെയും ഓക്‌സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യുവല്‍ സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുന്നത്. നീരാവിയും വെള്ളവും മാത്രമാണ് പുറന്തള്ളപ്പെടുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം ട്രെയിനില്‍ സ്ഥാപിച്ചിട്ടുള്ള ലിഥിയം ബാറ്ററിയില്‍ ശേഖരിക്കും. ഒറ്റ ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ച് 1000 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ട്രെയിനിന് സഞ്ചരിക്കാനാകും.

ഡീസല്‍ എന്‍ജിന്‍ ട്രെയിനുകളുടെ അതേ ശേഷിയാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ക്കുമുള്ളത്. ഡീസല്‍ എന്‍ജിന്‍ ട്രെയിനെ അപേക്ഷിച്ച് ഹൈഡ്രജനില്‍ ഓടുന്ന ട്രെയിന്‍ നിര്‍മ്മാണ ചിലവ് കൂടുതലാണ്. എന്നാല്‍ ട്രെയിന്‍ സര്‍വ്വീസിന് ചിലവ് കുറവായിരിക്കുമെന്ന് ആള്‍സ്റ്റം വിശദീകരിക്കുന്നു.

Top