ഹൈഡ്രോളിക് തകരാര്‍; റഷ്യന്‍ വിമാനത്തിന് പാടത്ത് അടിയന്തര ലാൻഡിംഗ്

തിവിശാലമായ പാടത്ത് അടിയന്തര ലാന്റിംഗ് നടത്തിയ റഷ്യന്‍ വിമാനത്തിലെ 170 യാത്രക്കാരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ഹൈഡ്രോളിക് തകരാറിനെത്തുടർന്നാണ് റഷ്യന്‍ യാത്രാ വിമാനം യുറൽ എയർലൈൻസിന്റെ എയർബസ് എ 320 സൈബീരിയയിലെ നോവോസിബിർസ്ക് മേഖലയിലെ വനമേഖലയ്ക്ക് സമീപത്തെ അതിവിശാലമായ പാടത്ത് അടിയന്തര ലാന്റിംഗ് നടത്തിയത്. ലക്ഷ്യ സ്ഥാനമായ ഓംസ്‌ക്കിന് സമീപമെത്താറായപ്പോഴാണ് ജെറ്റിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ തകരാറിലായതായി മുന്നറിയിപ്പ് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് പൈലറ്റ് പാടത്ത് അടിയന്തര ലാന്റിംഗിന് തയ്യാറായതെന്ന് യുറലിന്റെ അറിയിപ്പില്‍ പറയുന്നു. അതേ സമയം റഷ്യയ്‌ക്കെതിരായ അന്താരാഷ്ട്രാ ഉപരോധം കാരണം തങ്ങളുടെ വിമാനങ്ങൾ സർവീസ് ചെയ്യാൻ കഴിയില്ലെന്ന ആരോപണം എയർലൈൻ നിഷേധിച്ചു. കരിങ്കടൽ തീരത്തെ സോചിയിൽ നിന്ന് ഓംസ്‌കിലേക്ക് പറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലൊന്ന് തകരാറിലായതെന്ന് യുറൽ എയർലൈൻസ് മേധാവി സെർജി സ്കുരാറ്റോവ് പറഞ്ഞു.

വിമാനം അടിയന്തര ലാന്‍റിംഗ് നടത്തിയതിന്റെ പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളില്‍ അതിവിശാലമായ പാടത്ത് വിമാനം കിടക്കുന്നത് കാണാം. ഒപ്പം വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് അടക്കമുള്ള എല്ലാ വാതിലുകളും തുറന്ന് കിടന്നു. ഏതാനും പേര്‍ വിമാനത്തിന് ചുറ്റം നില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം അടിയന്തര ലാന്റിംഗ് നടത്തിയതെന്ന് റഷ്യയുടെ വ്യോമയാന ഏജൻസിയായ റൊസാവിയാറ്റ്സിയ അറിയിച്ചു. കാമെങ്ക ഗ്രാമത്തിന് സമീപത്തെ വിശാലമായ പാടത്താണ് വിമാനം ഇറക്കിയത്. യാത്രക്കാരിൽ ആരും വൈദ്യസഹായം തേടിയിട്ടില്ലെന്നും അടിയന്തര ലാൻഡിംഗിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റോസാവിയറ്റ്സിയ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി യുറൽ അറിയിച്ചു.

വിമാനത്തിന് തീപിടിച്ചെന്ന വാർത്ത കമ്പനി നിഷേധിച്ചു, ഒരു വിമാന വാതിലിന് സമീപത്തെ ചിറകിന് മുകളിൽ തീ പൊള്ളിയ പോലുള്ള പാടുകളാണ് ഈ സംശയം ബലപ്പെടുത്തിയത്. എന്നാല്‍ ഇത് “വെറും അഴുക്ക്” ആണെന്നായിരുന്നു എയര്‍ലൈന്റെ വാദം. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനങ്ങളുടെ പരാജയം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കും. “മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളാണ് വിമാനത്തിലുള്ളത്. അതിലൊന്ന് ഇലക്ട്രിക്,” A320-ന്റെ പൈലറ്റ് ആന്ദ്രേ ലിറ്റ്വിനോവ്പറഞ്ഞു. വിമാനം വയലിൽ ഇറക്കേണ്ട ആവശ്യമില്ലെന്നും ഈ തീരുമാനം വിമാനത്തിലും ഭൂമിയിലും ഉണ്ടായിരുന്നവരുടെ ജീവൻ അപകടത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ മുന്‍കൈയില്‍ നടക്കുന്ന യുക്രൈന്‍ യുദ്ധം മൂലമുണ്ടായ പാശ്ചാത്യ ഉപരോധം, വിമാന സ്പെയർ പാർട്‌സുകളുടെ ഇറക്കുമതിയെ ബാധിച്ചെന്നും ഇത് റഷ്യന്‍ എയര്‍ലൈനുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയായിരുന്നു അടിയന്തര ലാന്റിംഗ് എന്നതും ശ്രദ്ധേയം. തകർന്ന എ 320 ന് ഏകദേശം 20 വർഷം പഴക്കമുണ്ടെന്നും അടുത്ത വർഷം അവസാനം വരെ വിമാനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും ഇന്റർഫാക്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പാടത്തിറങ്ങിയ വിമാനം പൊളിച്ച് മാറ്റുന്നതിന്റെ വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. എന്നാല്‍ ഈ വീഡിയോ 2019 ല്‍ മറ്റൊരു വിമാനം ഇടിച്ചിറക്കിയതിന്റെതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top