ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ കൊന്ന് കത്തിച്ചു

ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന തെലങ്കാന ഷാദ്ര്‍നഗര്‍ സ്വദേശിയായ പ്രിയങ്ക(26)കാരിയാണ് ദാരുണമായ ഈ കൊലപാതകത്തിന് ഇരയായത്.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ഷാദ്‌നഗറില്‍ വെച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. ഇത് കണ്ട ഒരാള്‍ ടയര്‍ നന്നാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. സഹോദരിക്ക് ഫോണ്‍ ചെയ്തപ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറയുന്നുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് ദൂരം ടോള്‍ ഗേറ്റുണ്ടെന്നും വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടൊന്നും പ്രിയങ്ക ഫോണ്‍ എടുത്തിരുന്നില്ല. മാത്രമല്ല സമയം ഏറെ വൈകിയിട്ടും പ്രിയങ്ക വീട്ടില്‍ എത്തയിരുന്നില്ല.

പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം പാലത്തിനടിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. പ്രിയങ്കയുടെ വാഹനവും കാണാതായതായി പൊലീസ് അറിയിച്ചു. പ്രിയങ്കയുടെ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് മൃതദേഹത്തെ കുടുംബം തിരിച്ചറിഞ്ഞത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസിന്റെ അന്വേഷണത്തിനായി 10 ടീമുകളെ വിന്യസിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Top