ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’എന്നാക്കും; ജി കിഷന്‍ റെഡ്ഡി

തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’എന്നാക്കുമെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന എല്ലാം തങ്ങള്‍ പൂര്‍ണമായും മാറ്റുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആരാണ് ഈ ഹൈദര്‍ നമുക്ക് ഹൈദറിന്റെ പേര് വേണോ എവിടെ നിന്നാണ് ഹൈദര്‍ വന്നത് ആര്‍ക്കാണ് ഹൈദറിനെ വേണ്ടത് സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാല്‍ ഹൈദര്‍ എടുത്തുമാറ്റി ഈ സ്ഥലത്തിന്റെ നാമം ഭാഗ്യനഗര്‍ എന്നാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്രാസ്, ബോംബെ, കല്‍ക്കട്ട തുടങ്ങിയ നഗരങ്ങളുടെ പേരുകള്‍ മാറ്റിയില്ലേയെന്നും തെലങ്കാന ബിജെപി പ്രസിഡന്റ് കൂടിയായ കിഷന്‍ റെഡ്ഡി പറഞ്ഞു. മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയത് ബിജെപിയല്ലെന്നും ഡിഎംകെ സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

മദ്രാസ് ചെന്നൈ എന്നും ബോംബെ മുംബൈ എന്നും കല്‍ക്കട്ട കൊല്‍ക്കത്ത എന്നും മാറ്റിയെങ്കില്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ എന്നാക്കുന്നതില്‍ എന്താണ് കുഴപ്പം’- റെഡ്ഡി ചോദിച്ചു. പേരുകള്‍ മാറ്റുന്നത് സംബന്ധിച്ച് ബുദ്ധിജീവികളുടെ ഉപദേശം ബിജെപി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top